ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ഇതിഹാസതാരം അര്‍ജുന രണതുംഗയുടെ 'രണ്ടാം നിര' പരാമര്‍ശത്തിനെതിരെ മുന്‍ ഇന്ത്യന്‍ സ്പിന്നറും സെലക്ടറുമായ വെങ്കടപതി രാജു. രണതുംഗയെ പോലെ ഒരു ഇതിഹാസത്തില്‍ നിന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശമുണ്ടായത് ശരിയല്ലെന്നും ദൗര്‍ഭാഗ്യകരമാണെന്നും വെങ്കടപതി രാജു പറഞ്ഞു.
''രണ്ടാംനിര ടീം എന്ന വാക്കില്‍ പോലും ഞാന്‍ വിശ്വസിക്കുന്നില്ല. അവരെല്ലാവരും കഴിവുള്ള ക്രിക്കറ്റര്‍മാരാണ്. അവരെ നിങ്ങള്‍ക്ക് രണ്ടാം നിര കളിക്കാരെന്ന് വിളിക്കാനാവില്ല. അവിടെ രണതുംഗയ്ക്ക് തെറ്റ് പറ്റി. രണ്ടാം നിര ടീം എന്ന് അദ്ദേഹം പറയാന്‍ പാടില്ലായിരുന്നു. ഒരു മഹാനായ കളിക്കാരനില്‍ നിന്നുള്ള അനാവശ്യമായ പരാമര്‍ശമായിരുന്നു അത്” വെങ്കടപതി രാജു പറഞ്ഞു.
''ലങ്കന്‍ ടീം തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന സമയത്ത് ഇന്ത്യന്‍ ടീം പര്യടനത്തിനെത്തുന്നതില്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം സന്തോഷിക്കുകയാണ് വേണ്ടത്. ശ്രീലങ്കയും ഒരു മികച്ച ടീമിനെ തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. ടി20 ലോക കപ്പിന് മുന്നോടിയായി യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് ചെയ്യേണ്ടത്.