ലഖ്‌നൗ : ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്‌ക്ക് 200 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു.
ഇഷന്‍ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും മിന്നുന്ന അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 56 പന്തില്‍ 89 റണ്‍സെടുത്ത കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ശ്രേയസ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (32 പന്തില്‍ 44), രവീന്ദ്ര ജഡേജ (4 പന്തില്‍ 3*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ശ്രീലങ്കയ്‌ക്കായി ലഹിരു കുമാര, ദാസുൻ ഷനക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ അരങ്ങേറ്റം നടത്തി. മലയാളി താരം സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍ എന്നിവര്‍ക്ക് പിന്നാലെ പരിക്കേറ്റ റിതുരാജ് ഗെയ്ക്‌വാദ് ടീമില്‍ നിന്നും പുറത്തായി. താരത്തിന്‍റെ കൈക്കുഴയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്ക് നേരത്തെ ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു.
അതേസമയം ഓസ്ട്രേലിയന്‍ പരമ്പരയിലെ അവസാന ടി20ക്കിറങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങളാണ് ലങ്കയ്‌ക്കുള്ളത്. ദിനേശ് ചണ്ടിമലും ജെഫ്രി വാന്‍ഡെര്‍സേയും ലങ്കന്‍ ടീമില്‍ ഇടം നേടി. കുശാല്‍ മെന്‍ഡിസിനും മഹീഷ് തീക്ഷണയ്‌ക്കും പകരമാണ് ഇരുവരും ടീമിലെത്തിയത്.