കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ചരിത്ര പരമ്പര നേട്ടത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരും. കേപ് ടൗണിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയെ തകർത്തെറിഞ്ഞ് ആതിഥേയരായ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി(2-1). ഏഴ് വിക്കറ്റിനായിരുന്നു പ്രോട്ടീസ് പടയുടെ ജയം. പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്.സ്കോർ: ഇന്ത്യ – 223, 198. ദക്ഷിണാഫ്രിക്ക – 210, 3ന് 212
നാലാം ദിനം രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 101 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക വിജയ ലക്ഷ്യമായ 111 റണ്‍സ് അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു. 82 റണ്‍സുമായി തിളങ്ങിയ കീഗന്‍ പീറ്റേഴസനാണ് പ്രോട്ടീസിന്‍റെ ജയം അനായാസമാക്കിയത്. റാസി വാൻ ഡെർ ദുസ്സൻ(41), തെംബ ബാവുമ(32) എന്നിവർ ടീമിനെ വിജയത്തിലേക്കടുപ്പിച്ചു.
വിജയ ലക്ഷ്യമായ 111 റണ്‍സ് പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ മണിക്കൂറിൽ തന്നെ വിജയം കൈപ്പിടിയിൽ ഒതുക്കിയിരുന്നു. വിജയിക്കാൻ എട്ട് വിക്കറ്റ് വേണ്ടിയിരുന്നെങ്കിലും നാലാം ദിനം കീഗൻ പീറ്റേഴ്‌സന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് വീഴ്‌ത്താനായത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, ഷർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.