കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 നാളെ കട്ടക്കിൽ നടക്കും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. ഡേവിഡ് മില്ലറും റാസി വാൻ ഡെർ ഡസനും ചേർന്നാണ് ഇന്ത്യയുടെ 211 റൺസ് അനായാസം മറികടന്നതോടെ ഇന്ത്യയെ ആദ്യമായി നയിച്ച റിഷഭ് പന്തിന് നിരാശയായിരുന്നു ഫലം.
കട്ടക്കില്‍ ജയിച്ച് ഇന്ത്യയെ ഒപ്പമെത്തിക്കാനാകും പന്തിന്‍റെ ശ്രമം. ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ അടുത്ത വൈറ്റ് ബോൾ ക്യാപ്റ്റൻ എന്ന വർദ്ധിച്ചുവരുന്ന അഭിപ്രായങ്ങൾക്കിടയിൽ പന്തിന് നായകനെന്ന നിലയിൽ തരിച്ചുവരവ് നിർബന്ധമാണ്. കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താനായിട്ടും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ലെന്നുള്ളത് പ്രധാന പ്രശ്‌നമാണ്.
ഭുവനേശ്വര്‍ കുമാറാണ് പേസ് ബൗളിംഗിലെ പരിചയസമ്പന്നന്‍. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ താരം 43 റണ്‍സ് വിട്ടുകൊടുത്തു. ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കും റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാനാനയില്ല.
സ്പിന്നര്‍മാരില്‍ അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ധാരാളിത്തം കാണിച്ചു. ഒരു ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത ഹാര്‍ദിക് പാണ്ഡ്യയ്ക്കും കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ല. മാത്രമല്ല, താല്‍കാലിക ക്യാപ്റ്റന്‍ റിഷഭ് പന്ത് തന്റെ ബൗളര്‍മാരെ ഉപയോഗിച്ചതിലും കടുത്ത വിമര്‍ശനം നേരിടും.
ഈ വെല്ലുവിളികളാണ് ടീം ഇന്ത്യക്ക് മറികടക്കേണ്ടത്. ഡല്‍ഹിയില്‍ ഇന്ത്യയുടെ 211 റണ്‍സ് അഞ്ച് പന്ത് ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ട്വന്റി 20യില്‍ 200 റണ്‍സ് നേടിയതിന് ശേഷം ഇന്ത്യയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. അർഷ്‌ദീപും ഉമ്രാൻ മാലിക്കും നെറ്റ്സിൽ വേഗതയിലും കൃത്യതയിലും പന്തെറിയുന്നതിനാലും മുൻനിര ബോളർമാർ ആദ്യ മത്സരത്തിൽ നല്ല അടിവാങ്ങിയതിനാലും ഇരുവരിൽ ഒരാൾ നാളെ അരങ്ങേറിയേക്കാം.