ന്യൂഡല്‍ഹി : ഐപിഎല്ലിന്‍റെ ഇടവേളയ്‌ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കും പ്രോട്ടീസിനെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ മുൻനിര വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ തന്‍റെ സ്ഥാനം പന്ത് നിലനിര്‍ത്തുമെന്ന് ഉറപ്പാണ്.
രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ കെഎൽ രാഹുലാണ് പ്രോട്ടീസിനെതിരെ ഇന്ത്യയെ നയിക്കുന്നത്. പരമ്പരയിലെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് പന്ത്. തുടക്കത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ വിക്കറ്റ് കീപ്പിങ് കഴിവുകൾ താരം ഗണ്യമായി മെച്ചപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ താന്‍ എങ്ങനെയാണ് വിക്കറ്റ് കീപ്പിങ്ങിലേക്ക് എത്തിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. "ഓരോ കളിയിലും എന്‍റെ 100 ശതമാനം നൽകാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ എപ്പോഴും ഒരു വിക്കറ്റ് കീപ്പർ ബാറ്ററായിരുന്നു. കുട്ടിക്കാലത്ത് ഞാൻ വിക്കറ്റ് കീപ്പിങ് ചെയ്യാൻ തുടങ്ങി. എന്‍റെ അച്ഛനും ഒരു വിക്കറ്റ് കീപ്പർ ആയിരുന്നു. അങ്ങനെയാണ് ഞാൻ വിക്കറ്റ് കീപ്പിങ്ങിലേക്കെത്തിയത്" - പന്ത് പറഞ്ഞു.