സെഞ്ചൂറിയന്‍ :ഇന്ത്യ-ദക്ഷിണാഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ രണ്ടാം ദിനം മഴയെടുത്തു. രാവിലെ മുതല്‍ക്കുള്ള മഴയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെയാണ് രണ്ടാം ദിന മത്സരം ഉപേക്ഷിച്ചത്.
പുലർച്ചെ ചാറ്റൽമഴയായി തുടങ്ങിയ മഴ ഉച്ചയ്ക്ക് ശേഷം ശക്തി പ്രാപിച്ചിരുന്നു. തുടര്‍ന്ന് രണ്ടുതവണ മാറി നിന്നെങ്കിലും അമ്പയര്‍മാര്‍ പരിശോധനയ്‌ക്ക് ഇറങ്ങും മുമ്പ് വീണ്ടും പെയ്‌തതോടെയാണ് രണ്ടാം ദിനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
ആദ്യ ദിനം മികച്ച പ്രകടനം നടത്തിയ ഇന്ത്യയ്‌ക്ക് രണ്ടാം ദിനം ഉപേക്ഷിച്ചത് തിരിച്ചടിയാണ്. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുന്ന ഓപ്പണര്‍ കെഎല്‍ രാഹുലിന്‍റെ മികവാണ് ഇന്ത്യയ്‌ക്ക് തുണയായത്. രാഹുലിനൊപ്പം (122*) 40 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ളത്.