ലഖ്‌നൗ:മഴ കളി തുടങ്ങിയ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയച്ചു. ലഖ്‌നൗവില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ട മത്സരം മഴ മൂലം രണ്ട് മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്. അതിനാൽ മത്സരം 40 ഓവറായി ചുരുക്കിയിട്ടുണ്ട്.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് ലഖ്‌നൗവില്‍ ആരംഭിക്കുന്നത്. മുൻനിര താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചപ്പോൾ യുവനിരയുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.
ഇന്നത്തെ മത്സരത്തോടെ റിതുരാജ് ഗെയ്‌ക്‌വാദിനും രവി ബിഷ്‌ണോയിക്കും ഇന്ത്യൻ ഏകദിന ടീമില്‍ അരങ്ങേറ്റം ലഭിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പറുടെ റോളില്‍. ഇന്ത്യൻ നിരയില്‍ ശിഖർ ധവാൻ, ശുഭ്‌മാൻ ഗില്‍ എന്നിവരാണ് ഓപ്പണർമാർ.