ലഖ്‌നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് (ഒക്‌ടോബര്‍ 6) തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലഖ്‌നൗവിലാണ് മത്സരം. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാന് കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ സഞ്‌ജു സാംസണും ഇടം നേടിയിട്ടുണ്ട്.
സീനിയര്‍ താരങ്ങള്‍ ടി20 ലോകകപ്പിനായി പുറപ്പെടുമെന്നതിനാലാണ് പരമ്പരയ്‌ക്കായി സെലക്‌ടര്‍മാര്‍ യുവനിരയെ തെരഞ്ഞെടുത്തത്. ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, ശർദുൽ താക്കൂർ, ദീപക് ചഹർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയി തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ ലഭിച്ച അവസരമാണ് പരമ്പരയെന്നും, ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ക്യാപ്‌റ്റന്‍ ശിഖര്‍ ധവാന്‍ അഭിപ്രായപ്പെട്ടിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ് ഉള്‍പ്പെടയുള്ള താരങ്ങളാണ് പരമ്പരയില്‍ അവസരം കാത്തിരിക്കുന്നത്. പരമ്പരയില്‍ ശിഖര്‍ ധവാനൊപ്പം ശുഭ്‌മാന്‍ ഗില്‍ ഓപ്പണറായി എത്താനാണ് സാധ്യത. ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് ടീമിലെ മറ്റ് ബാറ്റര്‍മാര്‍. സഞ്ജു സാംസണിനൊപ്പം ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായാണ് ടീമിലേക്ക് എത്തിയിട്ടുള്ളത്.
ഓള്‍ റൗണ്ടര്‍ ഷഹബാസ് അഹമ്മദിനൊപ്പം കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവര്‍ക്കാണ് സ്‌പിന്‍ ബോളിങ് ചുമതല. ശര്‍ദുല്‍ താക്കൂർ, ദീപക് ചാഹർ, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, പുതുമുഖ താരം മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലെ പേസ് ബോളര്‍മാര്‍.
അതേ സമയം ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിന് മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ് ഏകദിന പരമ്പര. ഇന്ത്യയില്‍ ടി20 പരമ്പര കളിച്ച ദക്ഷിണാഫ്രിക്കയുടെ പ്രമുഖ താരങ്ങളെല്ലാം ഏകദിന പരമ്പരയിലുമുണ്ടാകും.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍,(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍
ദക്ഷിണാഫ്രിക്കന്‍ ടീം:ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെൻറിക്‌സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, ജാനെമാൻ മലൻ, എയ്‌ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർനെൽ, ആൻഡിലെ ഫെഹ്ലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കഗി പ്രിട്ടോറിയസ്