രാജ്‌കോട്ട്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. രാജ്‌കോട്ടില്‍ വൈകിട്ട് എഴിനാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ കളിയില്‍ ആധികാരിക ജയം പിടിക്കാനായെങ്കിലും ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.
ഇതോടെ പരമ്പര പ്രതീക്ഷ നിലനിര്‍ത്താന്‍ റിഷഭ് പന്തിനും സംഘത്തിനും ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബൗളിങ് നിര മികവിലേക്ക് ഉയര്‍ന്നതാണ് കട്ടക്കില്‍ നടന്ന മൂന്നാം മത്സരം ഇന്ത്യയ്‌ക്കൊപ്പം നിര്‍ത്തിയത്. നായകന്‍ റിഷഭ് പന്ത് ഒഴികെയുള്ള ബാറ്റര്‍മാര്‍ ഫോമിലാണെങ്കിലും സ്ഥിരത പുലര്‍ത്താത്തത് ആശങ്കയാണ്.
പരമ്പരയിൽ മികച്ച പ്രകടനം നടത്തുന്ന ഇഷാൻ കിഷനാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് അർധ സെഞ്ച്വറികളടക്കം 164 റണ്‍സാണ് താരം ഇതുവരെ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് ഉയർന്ന യുവ ഓപ്പണർ റിതുരാജ് ഗെയ്‌ക്വാദും വലിയ സ്‌കോർ ലക്ഷ്യം വയ്‌ക്കുന്നു.
ഇവരോടൊപ്പം ഹാര്‍ദിക് പാണ്ഡ്യയുടെയും ദിനേശ് കാര്‍ത്തിക്കിന്‍റെയും കൂറ്റന്‍ ഷോട്ടുകളും നിര്‍ണായകമാവും. ബൗളിങ് യൂണിറ്റില്‍ ഹര്‍ഷല്‍ പട്ടേലിന്‍റെയും യുസ്‌വേന്ദ്ര ചഹലിന്‍റെയും മികവ് പ്രതീക്ഷ നല്‍കുന്നതാണ്. അക്‌സര്‍ പട്ടേലും ആവേശ് ഖാനും തിളങ്ങിയാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ബൗളിങ് യൂണിറ്റില്‍ മാനേജ്‌മെന്‍റ് പരീക്ഷണത്തിന് ഒരുങ്ങിയാല്‍ ആവേശ് ഖാന് പകരം ഉമ്രാന്‍ മാലിക്കോ, അര്‍ഷ്‌ദീപ് സിങ്ങോ പ്ലേയിങ് ഇലവനിലെത്തിയേക്കും.
മറുവശത്ത് ഡേവിഡ് മില്ലര്‍, റാസി വാൻഡർ ദസന്‍ തുടങ്ങിയവരുടെ പ്രകടനം പ്രോട്ടീസിന് മുതല്‍ക്കൂട്ടാവും. ആന്‍റിച്ച് നോർട്‌ജെ, കഗിസോ റബാദ തുടങ്ങിയവരും തിളങ്ങിയാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. പരിക്ക് ഭേദമായാല്‍ ഡി കോക്ക് ടീമില്‍ തിരിച്ചെത്തിയേക്കും. മില്ലര്‍ തിരിച്ചെത്തിയാല്‍ ഹെന്‍റിക് ക്ലാസനെ പുറത്തിരുത്തിയേക്കും.
ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന വിക്കറ്റാണ് രാജ്‌കോട്ടിലേത്. നേരത്തെ മൂന്ന് അന്താരാഷ്‌ട്ര ടി20 മത്സരങ്ങളാണ് ഇവിടെ നടന്നത്. 153 റണ്‍സാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍. ടോസ് നേടുന്നവര്‍ ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. പരമ്പരയില്‍ നടന്ന മൂന്ന് മത്സരങ്ങളിലും ടോസ് ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല.
ഇന്ത്യ സാധ്യത ഇലവന്‍: റിതുരാജ് ഗെയ്‌ക്വാവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍.