ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. പ്രോട്ടീസിനെതിരായ രണ്ടാം മത്സരം വാണ്ടറേഴ്‌സിൽ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് തുടങ്ങുക.
മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മുന്നിലാണ്. ബോക്‌സിങ് ഡേയില്‍ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്. ഇതോടെ വാണ്ടറേഴ്‌സിൽ ജയം പിടിച്ചാല്‍ കോലിയും സംഘത്തിനും പുതു ചരിത്രം തീര്‍ക്കാം.
വാണ്ടറേഴ്‌സിൽ ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രം ഇന്ത്യയ്‌ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. നേരത്തെ ഇവിടെ നടന്ന അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയം പിടിച്ചപ്പോള്‍
മൂന്ന് മത്സരങ്ങള്‍ സമനിലയിലായി. നിലവില്‍ ഇരു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുന്‍തൂക്കമുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോലി, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ എന്നിവരുടെ ഫോം മാത്രമാണ് ആശങ്ക.
കോലി നന്നായി തുടങ്ങുന്നുണ്ടെങ്കിലും തുടക്കം മുതലാക്കാനാവാത്തതാണ് തിരിച്ചടി. എന്നാല്‍ രഹാനെ തിരിച്ച് വരവിന്‍റെ സൂചനകള്‍ നല്‍കുന്നുണ്ട്. പുജാരയ്ക്ക് പകരം ഹനുമ വിഹാരി ടീമിലെത്തിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കോച്ച് ദ്രാവിഡിന്‍റെ പിന്തുണ താരത്തിനുണ്ട്. പേസിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ മുന്‍ മത്സരത്തിലെ പോലെ നാല് പേസര്‍മാരെ തന്നെ ഇന്ത്യ കളിപ്പിക്കും. ഇതോടെ മുന്‍ മത്സരത്തിലെ ടീമിനെ തന്നെയാവും ഇന്ത്യ നിലനിര്‍ത്തുക.
പ്രോട്ടീസിനെ സംബന്ധിച്ചിടത്തോളം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ ഞെട്ടലുളവാക്കുന്നതാണ്. ഡി കോക്കിന് പകരം കെയ്ല്‍ വെറെയ്‌നെ വിക്കറ്റിന് പിന്നിലെത്തിയേക്കും. ബാറ്റിങ് യൂണിറ്റില്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ടെംബ ബവുമയും ഫോമിലുള്ളത് ടീമിന് ആശ്വാസമാണ്. ലുംഗി എന്‍ഗിഡി, കഗിസോ റബാഡ എന്നിവരുടെ മികവും ടീമിന് നിര്‍ണായകമാവും.