കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റിന് ഇന്ത്യ നാളെ ഇറങ്ങും. കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് കളി തുടങ്ങുക. പരമ്പര നഷ്‌ടമാവാതിരിക്കാന്‍ കേപ്‌ടൗണില്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും വിജയിച്ചേ മതിയാവൂ. (India vs South Africa 2nd Test match Preview).
സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. ബോളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ നിറം മങ്ങിയ മത്സരത്തില്‍ ഇന്നിങ്സിനും 32 റണ്‍സിനുമായിരുന്നു ടീം പരാജയമേറ്റുവാങ്ങിയത്. കേപ്‌ടൗണില്‍ ഇരു വിഭാഗവും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയ്‌ക്ക് വകയൊള്ളൂ.
പുതുവര്‍ഷം ജയത്തോടെ തുടങ്ങാനുറച്ച് തന്നെയാവും നീലപ്പട ലക്ഷ്യം വയ്‌ക്കുന്നത്. ടീമില്‍ മാറ്റമുറപ്പാണ്. ആര്‍ അശ്വിനും പ്രസിദ്ധ് കൃഷ്‌ണയും പുറത്താവുമ്പോള്‍ രവീന്ദ്ര ജഡേജയും മുകേഷ് കുമാറും പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്നാണ് സൂചന. നെറ്റ്‌സില്‍ പരിശീലനത്തിനിടെ തോളിന് ഏറുകൊണ്ട ശാര്‍ദൂല്‍ താക്കൂര്‍ ആരോഗ്യം വീണ്ടെടുത്തതായാണ് വിവരം.
ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ. (India Predicted Playing XI for 2nd test Against South Africa).