ജൊഹാനസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് നാല് വിക്കറ്റ് നഷ്ടം. 17 പന്തില്‍ ഒരു റണ്‍സെടുത്ത റസ്സി വാന്‍ ഡെര്‍ ദസ്സന്‍ പുറത്തായതിന് പിന്നാലെ മത്സരം ലഞ്ചിന് പിരിഞ്ഞു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന്‍റെ ടോട്ടലില്‍ 102 റണ്‍സാണുള്ളത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 202 റണ്‍സിനേക്കാള്‍ 100 റണ്‍സ് പിറകിലാണ് ആതിഥേയര്‍.
ശാര്‍ദുല്‍ താക്കൂറാണ് രണ്ടാം ദിനം ഇതുവരെ വീണ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത്. കീഗൻ പീറ്റേഴ്സണ്‍ (62) നായകൻ ഡീൻ എൽഗാര്‍ (28) എയ്ഡന്‍ മാര്‍ക്രം (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മത്സരത്തിന്‍റെ ആദ്യ ദിനം മുഹമ്മദ് ഷമിയാണ് മാര്‍ക്രത്തെ തിരിച്ച് കയറ്റിയത്.
അതേസമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാല് വിക്കറ്റ് നേടിയ മാർക്കോ ജാൻസൺ, മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ കഗിസോ റബാദ, ഡ്യൂവാന്‍ ഒലിവിയർ എന്നിവര്‍ ചേര്‍ന്നാണ് തകര്‍ത്തത്.
133 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് ആര്‍ അശ്വിന്‍റെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. 50 പന്തില്‍ 46 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
രണ്ട് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മൂന്ന് പേര്‍ക്ക് രണ്ടക്കം തൊടാനായില്ല. 14 റണ്‍സുമായി ജസ്‌പ്രീത് ബുംറ പുറത്താവാതെ നിന്നു. മായങ്ക് അഗര്‍വാള്‍ (26), ചേതേശ്വര്‍ പൂജാര (3), അജിങ്ക്യ രഹാനെ (0), ഹനുമ വിഹാരി (20), റിഷഭ് പന്ത് (17), ശാര്‍ദുല്‍ താക്കൂര്‍ (0), മുഹമ്മദ് ഷമി (9), മുഹമ്മദ് സിറാജ് (1) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.