സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ വിജയത്തിനരികിൽ നിൽക്കുന്ന ഇന്ത്യൻ ടീമിന് വില്ലനായി മഴ എത്തുമെന്ന് റിപ്പോർട്ടുകൾ. മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. മഴ പെയ്‌താൽ ഇന്ത്യയുടെ വിജയപ്രതീക്ഷകൾ തുലാസിലാകും.
മത്സരത്തിന്‍റെ രണ്ടാം ദിനം മഴ പൂർണമായും കവർന്നിരുന്നു. ഇന്ന് രണ്ട് മണിക്കൂറോളം സെഞ്ചൂറിയനിൽ മഴ തുടരുമെന്നാണ് പ്രവചനം. അതിനാൽ മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ വീഴ്‌ത്താനാകും കോലിയും കൂട്ടരും ശ്രമിക്കുക. മഴ പിടിമുറുക്കിയാൽ മത്സരം സമനിലയിലേക്ക് നീങ്ങും.
ഇന്ന് ആറ് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ കൂടി നേടാനായാൽ ഇന്ത്യക്ക് ജയത്തോടെ പരമ്പരയിൽ മുന്നിലെത്താൻ സാധിക്കും. നിലവിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 94 എന്ന നിലയിലാണ്. 211റണ്‍സ് കൂടി നേടാനായാലേ ആതിഥേയർക്ക് ഇന്ന് വിജയിക്കാൻ സാധിക്കുകയുള്ളൂ.
ALSO READ:SA vs Ind: സെഞ്ചൂറിയനില്‍ സൂപ്പര്‍ ത്രില്ലര്‍; ഇന്ത്യയ്‌ക്ക് വേണ്ടത് ആറ് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്ക് 211 റണ്‍സ്
52 റണ്‍സുമായി നായകൻ ഡീൻ എൽഗാർ ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്. നാലാം ദിനം എയ്‌ഡൻ മാർക്രം(1), കീഗാൻ പീറ്റേഴ്‌സണ്‍(17), റാസി വാൻ ഡെർ ഡസൻ(11), കേശവ് മഹാരാജ്(8) എന്നിവരാണ് പുറത്തായത്. ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഒരോ വിക്കറ്റും നേടി.