ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ സൂപ്പർ പോരാട്ടത്തിൽ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുൽ ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാര്‍ നാലാമതും ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും ഇറങ്ങും.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരം ഫിനിഷറായ ദിനേശ് കാര്‍ത്തിക് ടീമിലിടം നേടിയതാണ് ശ്രദ്ധേയമായത്. ഭുവനേശ്വര്‍ കുമാറിനും അര്‍ഷ്‌ദീപ് സിങിനുമൊപ്പം മൂന്നാം പേസറായി ആവേശ് ഖാനും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും യുസ്‌വേന്ദ്ര ചഹലുമാണ് ഇന്ത്യയുടെ സ്‌പിൻ ആക്രമണത്തിന് ചുക്കാൻ പിടിക്കുക.
ജസ്‌പ്രീത് ബുമ്രയുടെയും ഹര്‍ഷല്‍ പട്ടേലിന്‍റെയും അഭാവത്തില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരിലാണ് ഇന്ത്യയുടെ പേസ് പ്രതീക്ഷകള്‍. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഭുവനേശ്വര്‍ കുമാര്‍ വീഴ്‌ത്തിയ 20 വിക്കറ്റുകളില്‍ 12 എണ്ണവും പവര്‍ പ്ലേയിലായിരുന്നു എന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ടോസ് നേടിയിരുന്നങ്കില്‍ ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് നായകന്‍ ബാബര്‍ അസമും വ്യക്തമാക്കി. മൂന്ന് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരും അടങ്ങുന്നതാണ് പാകിസ്ഥാന്‍റെ ബൗളിംഗ് നിര. യുവപേസര്‍ നസീം ഷാ പാക് ടീമില്‍ ഇന്ന് അരങ്ങേറ്റം കുറിക്കുന്നു.