മെല്‍ബണ്‍: ക്രിക്കറ്റ് ആസ്വാദകരില്‍ എന്നും ആവേശം ഉണര്‍ത്തുന്ന പോരാട്ടമാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരങ്ങള്‍. ഇരു ടീമുകളും എവിടെ കൊമ്പുകോര്‍ക്കുന്നോ അവിടേക്ക് ആരാധകര്‍ ഒഴുകിയെത്തുന്നത് എന്നും പതിവ് കാഴ്‌ചയാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ചിരവൈരികളായ രണ്ട് ടീമുകളുടെ ക്ലാസിക് പോരാട്ടം കാണാന്‍ 90,000ത്തിലധികം കാണികള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്കെത്തിയിരുന്നു.
കഴിഞ്ഞ കുറേക്കാലമായി ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇന്ത്യ - പാക് ടീമുകള്‍ ഏറ്റുമുട്ടുന്നത്. 2013ലായിരുന്നു ഇരു ടീമും അവസാനമായി ദ്വിരാഷ്‌ട്ര പരമ്പര കളിച്ചത്. ഏകദിന ടി20 മത്സരങ്ങള്‍ മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 2007ലാണ് ഇരു ടീമും അവസാനം ടെസ്റ്റ് മത്സരം കളിച്ചത്.
എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രധാന ചര്‍ച്ച വിഷയം. 15 വര്‍ഷത്തിന് ശേഷം ഇന്ത്യ - പാക് ടെസ്റ്റ് മത്സരത്തിന് വേദിയൊരുക്കാനുള്ള സാധ്യത തേടി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ പാകിസ്ഥാന്‍ ടെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ക്ലബ്ബും വിക്‌ടോറിയ ഗവണ്‍മെന്‍റും ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി നടത്തി എന്നുള്ള തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്‍റെ നാലാം ദിനത്തില്‍ സെന്‍ റേഡിയോയില്‍ സംസാരിച്ച എം സി സി ചീഫ് എക്‌സിക്യൂട്ടീവ് ആയ സ്റ്റുവര്‍ട്ട് ഫോക്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്‌ടോറിയ സര്‍ക്കാരും മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബും ചേര്‍ന്ന് നിഷ്‌പക്ഷ വേദിയല്‍ ഇന്ത്യ പാകിസ്ഥാന്‍ ടെസ്റ്റ് നടത്താനുള്ള താല്‍പര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം സമ്മാനിച്ച സാമ്പത്തിക ലാഭമാണ് ഇത്തരത്തിലൊരു തീരുമാത്തിലെത്താന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബിനെ സഹായിച്ചതെന്നാണ് ഇഎസ്‌പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
' ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര മെല്‍ബണില്‍ നടത്താന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ആ മത്സരം സ്റ്റേഡിയം നിറയ്‌ക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ഓസ്‌ട്രേലിയയോടും വിക്‌ടോറിയ ഗവണ്‍മെന്‍റിനോടും ഞങ്ങള്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇത് വളരെ കുഴഞ്ഞുമറിഞ്ഞ ഒരു കാര്യമാണെന്ന് എനിക്ക് അറിയാം. തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയില്‍ ഈ മത്സരം നടത്തുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കാം. എന്നാലും ഞങ്ങള്‍ ആ പരമ്പര നടത്താന്‍ ആഗ്രഹിക്കുന്നു' സ്റ്റുവര്‍ട്ട് ഫോക്‌സ് വ്യക്തമാക്കി.
2023-27 വര്‍ഷക്കാലയളവില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങള്‍ ഒന്നും തന്നെ ഷെഡ്യൂള്‍ ചെയ്‌തിട്ടില്ല. കൂടാതെ 2023ല്‍ പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പിലും ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലും ഇരു ടീമുകളും പങ്കെടുക്കുമോ ഇല്ലയോ എന്നുള്ള കാര്യങ്ങളിലും അവ്യക്തത തുടരുകയാണ്. നേരത്തെ ഇന്ത്യ പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരകള്‍ നടത്താന്‍ സന്നദ്ധത അറയിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റും രംഗത്തെത്തിയിരുന്നു.