ദുബായ്: ഈ വര്‍ഷത്തെ ഏഷ്യ കപ്പ് വേദി സംബന്ധിച്ച അനിശ്ചിതത്ത്വങ്ങള്‍ അവസാനിക്കാതെ തുടരുകയാണ്. ഏഷ്യ കപ്പിന്‍റെ വേദിയായി നേരത്തെ പാകിസ്ഥാനാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ടൂര്‍ണമെന്‍റിനായി ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കില്ലെന്നാണ് ബിസിസിഐ നിലപാട്.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രാഷ്‌ട്രീയ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഇരു ടീമുകളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ ഉപേക്ഷിച്ചിട്ട് നാളേറെയായി. ഈ സാഹചര്യത്തില്‍ ഇന്ത്യ പാക് മണ്ണില്‍ കളിക്കാനെത്തുന്നത് സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നാണ് ബിസിസിഐ വിലയിരുത്തലുള്ളത്. വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തന്‍റെ അഭിപ്രായവുമായി രംഗത്ത് എത്തിരിയിരിക്കുയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി.
പാകിസ്ഥാനില്‍ ഇന്ത്യ കളിക്കാന്‍ എത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടുവയ്‌പ്പാകും ഇതെന്നാണ് ഷാഹിദ് അഫ്രീദി പറഞ്ഞിരിക്കുന്നത്. "നിങ്ങള്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കൂ. ഞങ്ങൾ അവരെ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യും. ഇന്ത്യ വന്നിരുന്നെങ്കിൽ ശരിക്കും നന്നായിരുന്നു.
ക്രിക്കറ്റിലേക്കും പാകിസ്ഥാനിലേക്കും ഇത് ഇന്ത്യയ്ക്ക് ഒരു ചുവടുവയ്പ്പായിരിക്കും. ഇപ്പോഴത്തെ തലമുറയ്‌ക്ക് വേണ്ടത് തര്‍ക്കങ്ങളും യുദ്ധങ്ങളുമല്ല. ബന്ധങ്ങൾ ഏറെ മെച്ചപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരുപാട് സ്‌നേഹത്തോടെയാണ് ഞങ്ങള്‍ ഇന്ത്യയ്‌ക്ക് എതിരെ കളിച്ചിട്ടുള്ളത്.
ഞങ്ങൾ ഇന്ത്യയിൽ വന്നപ്പോഴൊക്കെയും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2005ല്‍ ഇന്ത്യ പാകിസ്ഥാനില്‍ വന്നപ്പോള്‍, ഹർഭജനും യുവരാജും ഷോപ്പിംഗിനും റെസ്റ്റോറന്‍റുകളിലും പോകുമായിരുന്നു. ആരും അവരോട് പണം ഈടാക്കിയിരുന്നില്ല. ഇതാണ് രണ്ട് രാജ്യങ്ങളുടേയും സൗന്ദര്യം" ഷാഹിദ് അഫ്രീദി പറഞ്ഞു.