ന്യൂയോര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അവസാനിച്ചതിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) മാനേജ്‌മെന്‍റ് വിശ്രമം അനുവദിച്ചിരുന്നു. യുഎസിലാണ് 36-കാരനായ രോഹിത് തന്‍റെ ഒഴിവ് ദിനങ്ങള്‍ ചിലവഴിക്കുന്നത്. ഇവിടെ ചില സ്വകാര്യ പരിപാടികളിലും താരം പങ്കെടുത്തിടുത്തിരുന്നു. ഇത്തരം ഒരു പരിപാടിക്കിടെ ആരാധകന്‍റെ ചോദ്യത്തിന് രോഹിത് നല്‍കി രസകരമായ മറുപടി ആരാധകരുടെ കയ്യടി നേടി.
നടക്കാനിരിക്കുന്ന ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വെല്ലുവിളിയാകുന്ന പാകിസ്ഥന്‍ പേസര്‍ ആരായിരിക്കും എന്നായിരുന്നു ഒരു ആരാധകന്‍ രോഹിത്തിനോട് ചോദിച്ചത്. പാകിസ്ഥാന്‍റെ എല്ലാ പേസര്‍മാരും മികച്ചവരാണെന്നും ഒരാളുടെ പേരെടുത്ത് പറയുന്നത് അനാവശ്യ വിവാദത്തിന് കാരണമാവുമെന്നുമായിരുന്നു രോഹിത് മറുപടി നല്‍കിയത്.
"പാകിസ്ഥാൻ ടീമിലെ എല്ലാ പേസർമാരും ഒരുപോലെ മികച്ചവരാണ്. ഞാന്‍ ഒരാളുടേയും പേരെടുത്ത് പറയുന്നില്ല. അത് വലിയ വിവാദത്തിന് വഴിയൊരുക്കും. അതുമാത്രമല്ല, ഇനി ഞാന്‍ ഒരാളുടെ പേരുപറഞ്ഞാല്‍, രണ്ടാമത്തെ ആള്‍ക്ക് അതു വിഷമമാകും. ഇനി രണ്ടാമത്തെ ആളെയാണ് പറയുന്നതെങ്കിലോ മൂന്നാമത്തെ ബോളര്‍ക്കും സമാനമായി തന്നെ തോന്നും. പാകിസ്ഥാന്‍റെ എല്ലാ ബോളര്‍മാരും മികച്ചവര്‍ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്" രോഹിത് ശര്‍മ പറഞ്ഞു.
രാഷ്‌ട്രീയ കാരണങ്ങളാല്‍ നിലവില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും കളിക്കുന്നത്. ഈ വര്‍ഷം ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും നടക്കാനിരിക്കെ ഇരു ടീമുകളും ഒന്നിലേറെ തവണ തമ്മില്‍ പോരാടിക്കുന്നതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഓഗസ്റ്റ്-സെപ്‌റ്റംബര്‍ മാസങ്ങളിലാണ് ഏഷ്യ കപ്പ് നടക്കുന്നത്. പാകിസ്ഥാനാണ് ആതിഥേയരാവുന്നത്.