കൊളംബോ:മഴമൂലം തടസപ്പെട്ട ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ (Asia Cup Super 4) ഇന്ത്യ പാകിസ്ഥാന്‍ (India vs Pakistan) ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം റിസര്‍വ് ദിനമായ ഇന്നാണ് പുനരാരംഭിക്കുന്നത്. ഇന്നലെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ 24.1 ഓവറില്‍ രണ്ടിന് 147 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു കൊളംബോയില്‍ കനത്ത മഴയെത്തിയത്. തുടര്‍ന്ന് മത്സരം പുനരാരംഭിക്കാനാകാതെ വന്നതോടെയാണ് മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയത്.
എന്നാല്‍, ഇന്നും കൊളംബോയില്‍ പെരുമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ (Colombo Weather Report). ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. നിലവില്‍ രാവിലെ മുതല്‍ തന്നെ കൊളംബോയില്‍ ശക്തമായി മഴ പെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ-പാക് പോരാട്ടത്തിന്‍റെ റിസര്‍വ് ദിനമായ ഇന്ന്, രാവിലെ കൊളംബോയില്‍ 100 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. ഈ സാഹചര്യത്തില്‍ മേഖലയില്‍ ശക്തമായ മഴ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചയ്‌ക്ക് ശേഷം മഴയ്‌ക്ക് 97 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വൈകുന്നേരത്തോടെ ഇത് 80 ശതമാനമായി കുറയാനും സാധ്യതയുണ്ട്.
ടോസ് നഷ്‌ടപ്പെട്ട ബാബര്‍ അസം ഇന്നലെ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് തന്നെ പേരുകേട്ട പാകിസ്ഥാന്‍ ബൗളിങ് നിരയ്‌ക്കെതിരെ ഇന്ത്യന്‍ ക്യാപ്‌റ്റൻ രോഹിത് ശര്‍മയും ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും തകര്‍ത്തടിച്ച് ടീം സ്‌കോര്‍ ഉയര്‍ത്തി. 49 പന്തില്‍ 56 റണ്‍സ് നേടിയ രോഹിതിനെ 17-ാം ഓവറില്‍ ഷദാബ് ഖാനാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഗില്ലും മടങ്ങി.