ന്യൂഡല്‍ഹി :ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ഐസിസി നേരത്തെ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം ഒക്‌ടോബര്‍ 15-ന് അഹമ്മദാബാദിലാണ് അയല്‍ക്കാരുടെ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്‍റെ തീയതി മാറ്റാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. നവരാത്രി ആഘോഷം പ്രമാണിച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഒക്‌ടോബര്‍ 15-നാണ് നവരാത്രി ആഘോഷങ്ങള്‍ തുടങ്ങുന്നത്. അഹമ്മദാബാദിലും ഗുജറാത്ത് മുഴുവനും നവരാത്രി ആഘോഷിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ ഏജൻസികൾ ബിസിസിഐയോട് തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ പോലൊരു വലിയ മത്സരത്തിനായി ആയിരക്കണക്കിന് ആളുകള്‍ പുറത്ത് നിന്നുള്‍പ്പടെ എത്തും. ഈ സാഹചര്യത്തില്‍ നഗരത്തിലെ തിരക്ക് വര്‍ധിക്കുന്നതടക്കം കാരണങ്ങള്‍ സുരക്ഷയെ ബാധിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ കഴിയുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് നിലവില്‍ ബിസിസിഐയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. അതേസമയം മത്സരം നിശ്ചയിച്ചതിന് ഒരു ദിവസം മുന്‍പ്, ഒക്‌ടോബർ 14-ന് നടത്താണ് നിലവിലെ ആലോചനകളെന്നാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഒരു കാരണവശാലും മത്സരത്തിന്‍റെ വേദി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറത്തേക്ക് പോകില്ലെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്.