ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങൾ ഓരോ ക്രിക്കറ്റ് പ്രേമിയിലും ആവേശം നിറക്കുന്നതാണ്. ഇന്ത്യ- പാക് മത്സരം വന്നാൽ ക്രിക്കറ്റ് ഇഷ്ടമില്ലാത്തവർ പോലും ആവേശത്തോടെ കണ്ടിരിക്കും എന്നതാണ് വാസ്തവം. യുദ്ധ സമാനമാണ് ഓരോ ഇന്ത്യ- പാക് മത്സരവും.
ലോകകപ്പ് ആകുമ്പോള്‍ ഇന്ത്യ- പാക് മത്സരങ്ങൾക്ക് വീറും വാശിയും കൂടും. ലോകകപ്പില്‍ പരസ്‌പരം തമ്മിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി-20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.
ഏകദിന ലോകകപ്പിൽ ചരിത്രത്തില്‍ ഏഴ് തവണ മുഖാമുഖം വന്നപ്പോള്‍ ആറ് തവണയും ആദ്യം ബാറ്റുചെയ്തത് ഇന്ത്യയായിരുന്നു. ലോകകപ്പില്‍ ഇന്ത്യ നൂറൂശതമാനം വിജയം നേടിയതും പാകിസ്ഥാനെതിരെയാണ്.
തോൽവി അറിയാതെ ഇന്ത്യ
- 1992ലാണ് ഇന്ത്യയും പാകിസ്ഥാനും ലോകകപ്പില്‍ ആദ്യമായി ഏറ്റുമുട്ടിയത്. സിഡ്നിയില്‍ നടന്ന മല്‍സരത്തിൽ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 54 റണ്‍സായിരുന്നു ബാറ്റിങ്ങില്‍ ഇന്ത്യയുടെ കരുത്ത്. ഒടുവിൽ മത്സരഫലം വന്നപ്പോൾ ഇന്ത്യ 43 റണ്‍സിന് വിജയിച്ചു. മത്സരത്തിനിടെ ഇന്ത്യന്‍ കീപ്പര്‍ കിരണ്‍ മോറെയെ കളിയാക്കിക്കൊണ്ടുള്ള പാകിസ്ഥാൻ ബാറ്റ്സ്മാൻ മിയാന്‍ ദാദിന്‍റെ 'ചാട്ടം' ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച നിമിഷങ്ങളിലൊന്നായി മാറി. വിക്കറ്റ് കീപ്പറായിരുന്ന കിരണ്‍മോറെയുടെ അപ്പീലുകള്‍ മിയാന്‍ദാദിനെ ചൊടിപ്പിച്ചതിനാലാണ് മോറെയെ കളിയാക്കുന്നതിനായി മിയാന്‍ദാദ് ഗ്രൗണ്ടില്‍ പലകുറി ഉയര്‍ന്നുചാടിയത്.
1992 മാര്‍ച്ച് 4 സിഡ്നി: 43 റണ്‍സ് ജയം
മാന്‍ ഓഫ് ദ മാച്ച്: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 62 (54) റണ്‍സ്
ഇന്ത്യ 216 -7 (49)
പാകിസ്ഥാന്‍ 173 റണ്‍സിന് ഓള്‍ഔട്ട് (48.1)
- 1996ല്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. നവജ്യോത് സിങ് സിദ്ധുവിന്‍റെ 93 റണ്‍സിൽ ഇന്ത്യ 39 റണ്‍സിന് വിജയിച്ചു. വെങ്കിടേഷ് പ്രസാദും ആമിര്‍ സുഹൈലും തമ്മിലുള്ള പോരായിരുന്നു ആ മത്സരത്തെ വേറിട്ട് നിർത്തിയത്. പ്രസാദിനെ ബൗണ്ടറിയടിച്ച് സുഹൈലാണ് പോരിന് തുടക്കമിട്ടത്. ബൗണ്ടറിക്ക് പിന്നാലെ പ്രസാദിനോട് സുഹൈല്‍ എന്തൊക്കെയോ പറഞ്ഞു. പിന്നാലെ സുഹൈലിനെ പുറത്താക്കിയ ശേഷം ഡ്രസിങ് റൂമിലേക്ക് വിരല്‍ ചൂണ്ടി പ്രസാദ് നല്‍കിയ മറുപടി അക്കാലത്ത് ഇന്ത്യൻ ആരാധകർക്ക് രോമാഞ്ചം ഉണ്ടാക്കിയ നിമിഷങ്ങളായിരുന്നു.
1996 മാര്‍ച്ച് 9 ബെംഗളൂരു: 39 റണ്‍സ് ജയം
മാന്‍ ഓഫ് ദ മാച്ച്: നവജോത് സിദ്ദു (93 റണ്‍സ്)
ഇന്ത്യ 287-8
പാകിസ്ഥാന്‍ 248- 9 (49 ഓവര്‍)
- 1999ലെ ലോകകപ്പിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. രാഹുല്‍ ദ്രാവിഡിന്‍റെ 61 റണ്‍സ് മികവില്‍ ഇന്ത്യ 227 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 180 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റെടുത്ത വെങ്കിടേഷ് പ്രസാദായിരുന്നു പാകിസ്ഥാനെ തകർത്തെറിഞ്ഞത്. കാര്‍ഗില്‍ യുദ്ധത്തിനിടെയുള്ള ലോകകപ്പ് വിജയം ഇന്ത്യക്കാകെ ഇരട്ടി മധുരമാണ് നൽകിയത്.
1999 ജൂണ്‍ 8 മാഞ്ചസ്റ്റര്‍: 47 റണ്‍സ് ജയം
മാന്‍ ഓഫ് ദ മാച്ച്: വെങ്കടേഷ് പ്രസാദ് (5 വിക്കറ്റ്)
ഇന്ത്യ: 227-6
പാകിസ്ഥാന്‍: 180 (45.3 ഓവര്‍)
- 2003ലെ ലോകകപ്പില്‍ അക്തറുടെ തീ തുപ്പുന്ന പന്തുകളോട് ഏറ്റ്മുട്ടി സച്ചിന്‍ നേടിയ 98 റണ്‍സ് ഇന്ത്യയ്ക്ക് ആറുവിക്കറ്റിന്‍റെ വിജയം ഒരുക്കി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 273 റണ്‍സ് പാകിസ്ഥാൻ നേടിയെങ്കിലും സച്ചിന്‍റെ കരുത്തിൽ ഇന്ത്യ 6 വിക്കറ്റിന്‍റെ അനായാസ വിജയം നേടുകയായിരുന്നു.
2003 മാര്‍ച്ച് 1 സെഞ്ചൂറിയന്‍: 6 വിക്കറ്റ് ജയം
മാന്‍ ഓഫ് ദ മാച്ച്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (75 പന്തില്‍ 98)
പാകിസ്ഥാന്‍: 273-6
ഇന്ത്യ: 276- 4 (45.4 ഓവര്‍)
- 2007ല്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനാല്‍ പാകിസ്ഥാനുമായി കളിക്കേണ്ടി വന്നില്ല
- ഇന്ത്യ കിരീടം നേടിയ 2011ലെ ലോകകപ്പിലും ഇന്ത്യ- പാക് മത്സരത്തിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. സെമിഫൈനലിലായിരുന്നു ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത്. സച്ചിന്‍റെ 85 റണ്‍സിന്‍റെ മികവിൽ 260 റണ്‍സെടുത്ത ഇന്ത്യ പാക്കിസ്ഥാനെ 231 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ സാക്ഷിയാക്കിയായിരുന്നു ലോകകപ്പിലെ സെമിയില്‍ ഇന്ത്യന്‍ ജയം.
2011 മാര്‍ച്ച് 30 മൊഹാലി: 29 റണ്‍സ് ജയം
മാന്‍ ഓഫ് ദ മാച്ച്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (85 റണ്‍സ്)
ഇന്ത്യ: 260- 9
പാകിസ്ഥാന്‍: 231 (49.5 ഓവര്‍)
- 2015ല്‍ അഡ്‌ലെയ്‌ഡില്‍ വീണ്ടും ഇന്ത്യ -പാക് പോരാട്ടം. വിരാട് കോഹ്ലിയുടെ സെഞ്ചുറി ഇന്ത്യയ്ക്ക് 76 റണ്‍സിന്‍റെ വിജയം സമ്മാനിച്ചു. ലോകകപ്പില്‍ ആദ്യമായി പാകിസ്ഥാനെതിരെ ഇന്ത്യന്‍ താരത്തിന്‍റെ സെഞ്ച്വറി വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നപ്പോൾ ഇന്ത്യ വിജയം വീണ്ടും ആവർത്തിച്ചു.
2015 ഫെബ്രുവരി 15 അഡ്‌ലെയ്‌ഡ്: 76 റണ്‍സ് ജയം
മാന്‍ ഓഫ് ദ മാച്ച്: വിരാട് കോലി (107 റണ്‍സ്)
ഇന്ത്യ: 300-7
പാകിസ്ഥാന്‍ 224 (47 ഓവര്‍)
- 2019 ലോകകപ്പിലും വിജയം ഇന്ത്യക്കൊപ്പം. ഇന്ത്യയുടെ ഹിറ്റ്മാൻ നേടിയ 140 റണ്‍സ് എന്ന കൂറ്റൻ സ്കോറിന്‍റെ പിൻബലത്തിൽ ഇന്ത്യ 336 റണ്‍സ് നേടിയപ്പോൾ മറുപടിക്കിറങ്ങിയ പാകിസ്ഥാന് 212 റണ്‍സേ നേടാനായുള്ളു. ഇതോടെ പാകിസ്ഥാനെതിരെ ഏറ്റവും ഒരു കളിയിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന കളിക്കാരൻ എന്ന റെക്കോഡ് രോഹിത്ത് തന്‍റെ പേരിൽ കുറിച്ചു.
2019 മാർച്ച് 22 മാഞ്ചസ്റ്റർ: 89 റണ്‍സ് വിജയം
മാന്‍ ഓഫ് ദ മാച്ച്: രോഹിത്ത് ശർമ്മ
ഇന്ത്യ: 336-5
പാകിസ്ഥാന്‍ 212-6
കുട്ടിക്രിക്കറ്റിലും അജയ്യർ
ഏകദിനം മാത്രമല്ല കുട്ടിക്രിക്കറ്റായ ടി-20 ലോകകപ്പിലും ഇന്ത്യയെ കീഴടക്കാൻ പാകിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല. ടി-20 ലോകകപ്പിൽ അഞ്ച് തവണയാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിലും സമ്പൂർണ വിജയം ഇന്ത്യക്കായിരുന്നു.
- 2007 ലെ പ്രഥമ ടി-20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ആദ്യമായാണ് ഒരു ലോകകപ്പ് വേദിയിൽ ഇന്ത്യയെ സമനിലയിലെങ്കിലും തളയ്ക്കാൻ പാകിസ്ഥാനായത്. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 141 റണ്‍സെടുത്ത പാകിസ്ഥാനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും 7 വിക്കറ്റ് നഷ്ടത്തിൽ 141 റണ്‍സേ നേടാനായുള്ളു. മത്സരം ബോൾ ഔട്ടില്‍ ഇന്ത്യ വിജയിച്ചു.
- 2007ലെ തന്നെ ലോകകപ്പിൽ ഫൈനലിലാണ് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടിയത്. 157 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 152 റണ്‍സിന് ഓൾ ഔട്ടാക്കി ഇന്ത്യ പ്രഥമ ടി-20 കിരീടം സ്വന്തം പേരിൽ കുറിച്ചു. നാല് ഓവറിൽ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇർഫാൻ പത്താന്‍റെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.
- 2021 ലെ ടി-20 ലോകകപ്പിൽ 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. പാകിസ്ഥാന്‍റെ 128 എന്ന ചെറിയ സ്കോർ പിൻതുടർന്നിറങ്ങിയ ഇന്ത്യക്കായി വിരാട് കോലി നേടിയ 78 റണ്‍സാണ് വിജയത്തിലേക്ക് നയിച്ചത്.
- 2014 ലെ ലോകകപ്പിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 130 റണ്‍സെടുത്ത പാകിസ്ഥാനെതിരെ ഇന്ത്യ അനായാസ വിജയം നേടുകയായിരുന്നു. നാല് ഓവറിൽ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയായിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.
- 2016 ൽ നടന്ന അവസാന ടി-20 ലോകകപ്പിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പാക്കിസ്ഥാൻ ഉയർത്തിയ 118 എന്ന ചെറിയ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 55 റണ്‍സ് നേടിയ വിരാട് കോലി ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.