ദുബായ്:ഓഗസ്‌റ്റ് 27-ന് ഏഷ്യ കപ്പ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് വേണ്ടിയാണ്. ചിരവൈരികളുടെ പോരാട്ടത്തിനുള്ള ടിക്കറ്റ് വില്‍പ്പന നിമിഷനേരം കൊണ്ടാണ് പൂര്‍ത്തിയായത്. ഇത് തന്നെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്‍റെ ആവേശം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്.
2021 ടി 20 ലോകകപ്പിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരമാണ് ഏഷ്യകപ്പിലേത്. ഇതിന് മുന്‍പ് ഇരു ടീമുകളും ഏഷ്യ കപ്പില്‍ പരസ്‌പരം 14 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 8 മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ 5 എണ്ണത്തിലായിരുന്നു പാകിസ്ഥാന്‍ ജയം സ്വന്തമാക്കിയത്. ഏഷ്യ കപ്പ് കിരീട നേടത്തിലും ഇന്ത്യയാണ് മുന്നില്‍. 7 തവണ ഇന്ത്യ ചാമ്പ്യന്മാരായപ്പോള്‍ പാകിസ്ഥാന്‍ രണ്ട് തവണ മാത്രമാണ് ഏഷ്യ കപ്പ് കിരീടം നേടിയത്.
ഏഷ്യ കപ്പ് ചരിത്രത്തിലെ മികച്ച ഇന്ത്യ പാക് പോരാട്ടങ്ങള്‍...
പാകിസ്ഥാനെ ബാറ്റ് കൊണ്ട് ഞെട്ടിച്ച ഹര്‍ഭജന്‍:ക്രിക്കറ്റ് ആരാധകര്‍ ഇന്നും ആവേശത്തോടെ ഓര്‍ത്തിരിക്കുന്ന മത്സരമാണ് ശ്രീലങ്കയിലെ ദാംബുള്ളയില്‍ 2010-ല്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യയുടെ ഹര്‍ഭജന്‍ സിങും പാകിസ്ഥാന്‍റെ ഷോയിബ് അക്തറും തമ്മിലുള്ള വാക്കേറ്റവും സിക്‌സര്‍ പറത്തി മത്സരം സ്വന്തമാക്കിയ ഹര്‍ഭജന്‍റെ ആഘോഷവും ഇന്ത്യന്‍ ആരാധകര്‍ക്ക് ഇന്നും ആവേശം പകരുന്നതാണ്. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ഇന്ത്യ 3 വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ സല്‍മാന്‍ ബട്ട് (74), കമ്രാന്‍ അക്‌മല്‍ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് 267 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്‌ക്കായി ഗൗതം ഗംഭീര്‍ (83), എം എസ് ധോണി (56) എന്നിവര്‍ അര്‍ധശതകം നേടി.
ചേസ് മാസ്‌റ്ററായി വിരാട് കോലി:പത്ത് വര്‍ഷം മുന്‍പ് ഏഷ്യ കപ്പില്‍ ഈ മത്സരത്തിലാണ് പാകിസ്ഥാനെതിരെ വിരാട് കോലി ഏകദിനത്തിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയത്. മിര്‍പൂരില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസ്(105), നാസര്‍ ജംഷദ്(112) എന്നിവരുടെ സെഞ്ച്വറിക്കരുത്തില്‍ 329 എന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ ഗൗതം ഗംഭീര്‍ പൂജ്യനായി മടങ്ങിയതിന് പിന്നാലെയാണ് വിരാട് കോലി ക്രീസിലേക്ക് എത്തിയത്.
മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം 52 റണ്‍സ്, നാലാം വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 172 റണ്‍സ് എന്നീ കൂട്ടുകെട്ടുകളില്‍ 22 കാരനായ വിരാട് പങ്കാളിയായി. 148 പന്ത് നേരിട്ട് 183 റണ്‍സ് നേടിയ വിരാട് കോലി 47-ാം ഓവറില്‍ പുറത്തായെങ്കിലും ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യയുടെ ഹൃദയം തകര്‍ത്ത് ഷാഹിദ് അഫ്രീദി: ഏഷ്യ കപ്പ് 2014-ലും അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് പാകിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തത്. ജയം ഉറപ്പിച്ചിരുന്ന ഇന്ത്യയുടെ കൈകളില്‍ നിന്നും ഷാഹിദ് അഫ്രീദി മത്സരം പാകിസ്ഥാന്‍റെ വരുതിയിലാക്കി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 8 വിക്കറ്റ് നഷ്‌ടത്തില്‍ 245 റണ്‍സ് മാത്രമാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ അവസാന ഓവറില്‍ പാകിസ്ഥാന് പത്ത് റണ്‍സായിരുന്നു വേണ്ടത്. അവസാന ഓവര്‍ എറിയാനെത്തിയ രവിചന്ദ്രന്‍ അശ്വിന്‍ ആദ്യ പന്തില്‍ സയീദ് അജ്‌മലിനെ പുറത്താക്കി ഇന്ത്യയ്‌ക്ക് ജയപ്രതീക്ഷ നല്‍കി. എന്നാല്‍ മൂന്നാം പന്തും നാലാം പന്തും അശ്വിനെ സിക്‌സര്‍ പറത്തി അഫ്രീദി ഇന്ത്യയ്‌ക്കെതിരെ അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു.