റാഞ്ചി:ഇന്ത്യയുടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര നാളെ ആരംഭിക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവ നിരയാണ് ടി20 പരമ്പരയില്‍ ഇറങ്ങുന്നത്. റാഞ്ചിയില്‍ രാത്രി 7 മണി മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം.
കിവീസിനെതിരായ ഏകദിന പരമ്പര തൂത്ത് വാരിയതിന്‍റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. സീനിയര്‍ താരങ്ങളായ രോഹിത ശര്‍മ, വിരാട് കോലി എന്നിവരൊന്നും ടി20 പരമ്പരയില്‍ കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവാണ് ടീമിന്‍റെ വൈസ് ക്യാപ്‌റ്റന്‍.
ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സംഘം കഴിഞ്ഞ ദിവസം റാഞ്ചിയിലെത്തിയിരുന്നു. ജാര്‍ഖണ്ഡിലെത്തിയ ടീമിന് ആരാധകര്‍ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ടീം ഇന്ന് പരിശീലനത്തിനിറങ്ങുന്നുണ്ട്.
പവറാവാന്‍ സൂര്യ, അവസരം കാത്ത് പ്രിഥ്വി ഷാ:ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമന്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ക്രിക്കറ്റര്‍. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കിയാണ് കിവീസിനെതിരായ ടി20 പരമ്പരയ്‌ക്ക് ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവ് തയ്യാറെടുക്കുന്നത്.
അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ ടി20 പരമ്പരകളിലെല്ലാം ടീമിനായി നിര്‍ണായക പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു. കിവീസിനെതിരായ പരമ്പരയിലും സൂര്യകുമാര്‍ യാദവിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.
പരിക്കേറ്റ റിതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനായി പ്രിഥ്വി ഷാ അന്തിമ ഇലവനില്‍ ഇടം പിടിക്കാനാണ് സാധ്യത. കൈത്തണ്ടയ്‌ക്ക് പരിക്കേറ്റ ഗെയ്‌ക്‌വാദിന് പരമ്പര പൂര്‍ണമായും നഷ്‌ടപ്പെട്ടേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്‌ചവെച്ച മികച്ച പ്രകടനത്തെ തുടര്‍ന്നാണ് രണ്ട് വര്‍ഷത്തിന് ശേഷം ഷായ്‌ക്ക് ടീമിലേക്ക് വീണ്ടും വിളിയെത്തിയത്.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അക്‌സര്‍ പട്ടേല്‍ പരമ്പരയില്‍ നിന്നും നേരത്തെ തന്നെ പിന്മാറിയിരുന്നു. വിവാഹത്തെ തുടര്‍ന്ന് കെഎല്‍ രാഹുലും പരമ്പരയില്‍ കളിക്കുന്നില്ല. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഉമ്രാന്‍ മാലിക് തുടങ്ങിയ താരങ്ങള്‍ നേരിട്ടാണ് റാഞ്ചിയിലേക്കെത്തിയത്.
ആദ്യ മത്സരത്തിന് മുന്നോടിയായി ഓപ്‌ഷണല്‍ പരിശീല സെഷനുകളാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നത്. പരമ്പരയിലെ രണ്ടാം ടി20 29ന് ലഖ്‌നൗവില്‍ നടക്കും. ഫെബ്രുവരി 1 ന് അഹമ്മദാബാദിലാണ് അവസാന മത്സരം.
എവിടെ കാണാം: ഇന്ത്യ ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും രാത്രി 7 മണിക്കാണ് നടക്കുന്നത്. ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയിലൂടെ ഓണ്‍ലൈനായും കളി കാണാന്‍ സാധിക്കും.
ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വാഷിങ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍
ന്യൂസിലന്‍ഡ് ടി20 സ്‌ക്വാഡ്:മിച്ചൽ സാന്‍റ്‌നര്‍ (ക്യാപ്‌റ്റന്‍), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്‌മാൻ, ഡെയ്ൻ ക്ലീവർ (വിക്കറ്റ് കീപ്പര്‍), ഡെവൺ കോൺവേ (വിക്കറ്റ് കീപ്പര്‍), ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബെൻ ലിസ്റ്റർ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ റിപ്പൺ, ഹെൻറി ഷിപ്ലി, ഇഷ് സോധി, ബ്ലെയർ ടിക്‌നര്‍