അഹമ്മദാബാദ്: ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് കാരണം ടി20 ക്രിക്കറ്റിന് പറ്റിയ ആളല്ല താനെന്ന വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ള താരമാണ് ശുഭ്‌മാന്‍ ഗില്‍. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വിമര്‍ശകരുടെ എല്ലാം വായടപ്പിക്കുന്ന വെടിക്കെട്ട് ഇന്നിങ്‌സാണ് 23 കാരനായ ഗില്‍ പുറത്തെടുത്തത്. മത്സരത്തില്‍ രാജ്യാന്തര ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയടിച്ച ഗില്‍ ഒരു റെക്കോഡ് ബുക്കിലും തന്‍റെ പേര് ചേര്‍ത്തിരുന്നു.
കിവീസിനെതിരായ മൂന്നാം മത്സരത്തില്‍ 63 പന്ത് നേരിട്ട ഗില്‍ 12 ഫോറും 7 സിക്‌സറും ഉള്‍പ്പടെ പുറത്താകാതെ 126 റണ്‍സാണ് നേടിയത്. രാജ്യാന്തര ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇന്നലെ ഗില്‍ തിരുത്തികുറിച്ചത്.
അഫ്‌ഗാനിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷമായിരുന്നു വിരാട് കോലി തന്‍റെ ആദ്യ അന്താരാഷ്‌ട്ര ടി20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആ മത്സരത്തില്‍ 122 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ഇന്നലത്തെ 126 റണ്‍സ് പ്രകടനത്തോടെ ഗില്‍ കോലിയെ പിന്തള്ളി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
2017ല്‍ ശ്രീലങ്കയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ 118 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് പട്ടികയിലെ മൂന്നാമന്‍. സൂര്യകുമാര്‍ യാദവ് 2022ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 117-ും, ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ നേടിയ 113 റണ്‍സുമാണ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.