ലഖ്‌നൗ:ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ഇന്ത്യ. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ കിവീസ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയരായ ഇന്ത്യ ഒപ്പമെത്തി.
റാഞ്ചിയില്‍ നടന്ന ഒന്നാം ടി20യില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ജയിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിലാണ് പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അവസാന മത്സരം.
100 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ ബാറ്റര്‍മാര്‍ അധികം റിസ്ക്കുകള്‍ ഒന്നും എടുക്കാന്‍ ശ്രമിക്കാതെയാണ് കളിച്ചത്. എന്നാല്‍ അനായസ ജയത്തിലേക്കെത്താമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് മത്സരത്തിന്‍റെ നാലാം ഓവറില്‍ തന്നെ കിവീസ് മങ്ങലേല്‍പ്പിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് ഉള്ളപ്പോള്‍ ഇന്ത്യയുടെ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ മൈക്കല്‍ ബ്രേസ്‌വെല്‍ മടക്കി.
9 പന്ത് നേരിട്ട ഗില്ലിന് 11 റണ്‍സ് മാത്രം എടുക്കാനായിരുന്നു സാധിച്ചത്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍ ത്രിപാഠിയും ഇഷാന്‍ കിഷനുമായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. മത്സരത്തിന്‍റെ 9-ാം ഓവറില്‍ സ്‌കോര്‍ 46 ല്‍ നില്‍ക്കെ ഇഷാന്‍ റണ്‍ഔട്ട് ആകുകയായിരുന്നു.
32 പന്ത് നേരിട്ട ഇഷാന്‍ 19 റണ്‍സാണ് നേടിയത്. രണ്ട് ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. പിന്നാലെ 18 പന്തില്‍ 13 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയും പുറത്തായി.
ഇതോടെ 10.4 ഓവറില്‍ 50 ന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. തുടര്‍ന്ന് ക്രീസിലൊരുമിച്ച സൂര്യകുമാര്‍ യാദവും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് 20 റണ്‍സാണ് നാലാം വിക്കറ്റില്‍ ചേര്‍ത്തത്. സ്‌കോര്‍ 70ല്‍ നില്‍ക്കെ സൂര്യകുമാറുമായുള്ള ഓട്ടത്തിനിടെയുണ്ടായ ആശയക്കുഴപ്പത്തിനിടെ സുന്ദറിന് റണ്‍ഔട്ട് ആകേണ്ടി വന്നു.
പിന്നീട് ഒരുമിച്ച നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. 31 പന്തില്‍ 26 റണ്‍സ് നേടി സൂര്യയും, 20 പന്തില്‍ 15 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ന്യുസിലന്‍ഡിനെ ഇന്ത്യയുടെ സ്‌പിന്നര്‍മാരാണ് വരിഞ്ഞുമുറുക്കിയത്. മത്സരത്തില്‍ 20 ഓവര്‍ ബാറ്റ് ചെയ്‌ത കിവീസ് 8 വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 99 റണ്‍സ് നേടിയത്. ബ്ലാക്ക് ക്യാപ്‌സ് ബാറ്റര്‍മാരില്‍ നല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
23 പന്തില്‍ പുറത്താകാതെ 19 റണ്‍സ് നേടിയ ക്യാപ്‌റ്റന്‍ മിച്ചല്‍ സാന്‍റ്‌നറായിരുന്നു കിവീസിന്‍റെ ടോപ് സ്‌കോറര്‍. ജേക്കബ് ഡഫി പുറത്താകാതെ 6 റണ്‍സും നേടി. ഫിന്‍ അലന്‍ (11), ഡേവൊണ്‍ കോണ്‍വെ (11), ചാപ്‌മാന്‍ (14), ഗ്ലെന്‍ ഫിലിപ്‌സ് (5) ഡാരില്‍ മിച്ചല്‍ (8) മൈക്കല്‍ ബ്രേസ്‌വെല്‍ (14), ഇഷ് സോധി (1), ലോക്കി ഫെര്‍ഗ്യൂസന്‍ (0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.
ഇന്ത്യക്കെതിരായി ടി20 മത്സരങ്ങളിലെ ന്യൂസിലന്‍ഡിന്‍റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഇന്ത്യക്കായി അര്‍ഷ്‌ദീപ് സിങ് രണ്ടും, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തിയിരുന്നു.