റായ്‌പൂര്‍ :ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ രാജ്യാന്തര മത്സരത്തിന് വേദിയാകുന്ന റായ്‌പൂരില്‍ ഉച്ചയ്‌ക്ക് 1:30- നാണ് കളി തുടങ്ങുക. രണ്ടാം പോരാട്ടത്തില്‍ വിജയക്കൊടി നാട്ടി പരമ്പര ഉറപ്പിക്കാനാകും രോഹിത് ശര്‍മയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.
ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനം 12 റണ്‍സിന് സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലാണ്. അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ക്ക് മേല്‍ കടുത്ത വെല്ലുവിളി തീര്‍ത്ത് പരമ്പരയില്‍ ഒപ്പമെത്താനാകും ന്യൂസിലന്‍ഡിന്‍റെ ശ്രമം. പരമ്പര കൈവിട്ടാല്‍ ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും കിവീസിന് നഷ്‌ടമാകുമെന്നതിനാല്‍ ഇന്ന് തീപാറും പോരാട്ടം ഉറപ്പ്.
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ബാറ്റര്‍മാരുടെ പ്രകടനം തന്നെയാകും ഇന്നും നിര്‍ണായകമാവുക. ഹൈദരാബാദില്‍ ഇരട്ട സെഞ്ച്വറിയടിച്ച ശുഭ്‌മാന്‍ ഗില്ലിനൊപ്പം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരും മികവിലേക്കുയര്‍ന്നാല്‍ റായ്‌പൂരിലും റണ്‍ ഒഴുകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
എന്നാല്‍ ബോളിങ്ങില്‍ കാര്യമായ മേന്മകളൊന്നും എടുത്ത് പറയാനില്ല. വിക്കറ്റ് വേട്ട തുടരുന്ന മുഹമ്മദ് സിറാജിലാണ് ടീമിന്‍റെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ പരിക്കിന്‍റെ ലക്ഷണം കാണിച്ച മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലുണ്ടാകുമോ എന്നതില്‍ മാത്രമാണ് നിലവില്‍ ആശങ്ക നിലനില്‍ക്കുന്നത്.
ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ അവസാനം വരെ പൊരുതിയാണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങിയത്. മത്സരത്തില്‍ ഏഴാമനായി ക്രീസിലെത്തിയ മൈക്കിള്‍ ബ്രേസ്‌വെല്ലിന്‍റെ ബാറ്റിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വെള്ളം കുടിച്ചിരുന്നു. പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തിലും ബ്രേസ്‌വെല്ലിന്‍റെ ബാറ്റ് ശബ്‌ദിക്കുമെന്നാണ് കിവീസിന്‍റെ പ്രതീക്ഷ.