അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 168 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ടീം ഇന്ത്യ നേടിയത്. ടേസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്‌മാന്‍ ഗില്‍ അടിച്ചെടുത്ത തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ കിവീസ് ബാറ്റര്‍മാര്‍ക്ക് 12.1 ഓവറില്‍ 66 റണ്‍സ് മാത്രമായിരുന്നു എടുക്കാന്‍ സാധിച്ചത്.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡിന് ഏറ്റവും മോശം തുടക്കമാണ് മത്സരത്തില്‍ നിന്നും ലഭിച്ചത്. 3 ഓവറിനുള്ളില്‍ 7 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ബ്ലാക്ക് ക്യാപ്‌സിന് 4 വിക്കറ്റാണ് നഷ്‌ടപ്പെട്ടത്. റണ്‍ ചേസിന്‍റെ തുടക്കത്തില്‍ തന്നെ രണ്ട് വീതം വിക്കറ്റ് നേടിയ അര്‍ഷ്‌ദീപ് സിങ്ങും ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് സന്ദര്‍ശകരെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.
മത്സരത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവ് സമാന രീതിയില്‍ രണ്ട് ക്യാച്ചുകള്‍ പിടിച്ച് കിവീസിന്‍റെ രണ്ട് ബാറ്റര്‍മാരെ പവലിയിനിലേക്ക് മടക്കിയിരുന്നു. ഓപ്പണര്‍ ഫിന്‍ അലന്‍, നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെ പുറത്താക്കാനാണ് സ്ലിപ്പില്‍ ഒരേ പോലെയുള്ള രണ്ട് ക്യാച്ചുകള്‍ സൂര്യ കെപ്പിടിയിലാക്കിയത്. രണ്ട് വിക്കറ്റും പിറന്നത് ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓവറിലായിരുന്നു.
മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിങ്സിന്‍റെ ആദ്യ ഓവറിന്‍റെ അഞ്ചാം പന്തിലും മൂന്നാം ഓവറിലെ നാലാം പന്തിലുമായിരുന്നു ഇരു വിക്കറ്റുകളും. മത്സരത്തില്‍ ഫിന്‍ അലന്‍ മൂന്നും ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് റണ്‍സുമാണ് എടുത്തത്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയപ്പോള്‍ സംഭവിച്ച തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ കിവീസിനായിരുന്നില്ല.
35 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിനും 13 റണ്‍സ് നേടിയ ക്യാപ്‌റ്റന്‍ മിച്ചല്‍ സാന്‍റ്‌നറിനുമൊഴികെ മറ്റാര്‍ക്കും ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. ഡേവൊണ്‍ കോണ്‍വെ (1), ചാപ്‌മാന്‍ (0), മൈക്കില്‍ ബ്രേസ്‌വെല്‍ (8), ഇഷ് സോധി (0), ലോക്കി ഫെര്‍ഗ്യൂസന്‍ (0), ബ്ലെയര്‍ ടിക്‌നര്‍ (1), ബെഞ്ചമിന്‍ ലിസ്റ്റര്‍ (0*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്കായി ശുഭ്‌മാന്‍ ഗില്‍ പുറത്താകാതെ 126 റണ്‍സ് നേടി. 22 പന്തില്‍ 44 റണ്‍സ് നേടി രാഹുല്‍ ത്രിപാഠി, 13 പന്തില്‍ 24 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, 17 പന്തില്‍ 30 റണ്‍സ് നേടി ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഒരു റണ്‍സ് നേടി പുറത്തായപ്പോള്‍ ദീപക് ഹൂഡ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി ഗില്ലിനൊപ്പം പുറത്താകാതെ നിന്നു.
Also Read: കിവീസിനെതിരെ 'ഗില്‍ ആടിതിമിര്‍ത്തു'; കിങ് കോലിയുടെ റെക്കോഡിന് ഇനി പുതിയ അവകാശി