സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. വെളിച്ചക്കുറവ് മൂലം മൂന്നാം ദിനം മത്സരം നേരത്തെ അവസാനിപ്പിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 101 റണ്‍സെന്ന മികച്ച നിലയിലാണ് കിവിപ്പട. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്‌കോറായ 217 റണ്‍സിന് 116 റണ്‍സ് പിന്നിലാണ് ന്യൂസിലൻഡ്.
ഓപ്പണര്‍മാരായ ടോം ലാഥം, ഡെവന്‍ കോണ്‍വേ എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 104 പന്തില്‍ 30 റണ്‍സെടുത്ത ടോം ലാഥം അശ്വിന്‍റെ പന്തില്‍ വിരാട് കോലി പിടികൂടി പുറത്താവുകയായിരുന്നു. 153 പന്തില്‍ 54 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേ ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ മുഹമ്മദ് ഷമിയും പിടികൂടി. 12 റണ്‍സെടുത്ത ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണും റണ്ണൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിലുള്ളത്.
ഇന്ത്യ 217ന് പുറത്ത്
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് 217 റണ്‍സിന് അവസാനിച്ചിരുന്നു. 22 ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ കെയ്‌ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. 117 പന്തില്‍ 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.
മൂന്നാം ദിനം തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ദിവസത്തെ സ്കോറിനോട് മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോലി പുറത്ത്. 132 പന്തിൽ നിന്ന് 44 റൺസെടുത്ത കോലി ജാമിസണ് വിക്കറ്റ് നല്‍കി മടങ്ങി.