ജയ്‌പൂര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയ്‌ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജയ്‌പൂരില്‍ രാത്രി 7നാണ് ആരംഭിക്കുക. ടി20 ലോകകപ്പ് നോക്കൗട്ടിലെത്താതെ പുറത്തായതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യയും ഫൈനലിൽ ഓസ്ട്രേലിയയോട് കീഴടങ്ങിയതിന്‍റെ ആഘാതം മറികടക്കാന്‍ കിവീസും കളത്തിലിറങ്ങുമ്പോള്‍ മത്സരം കടുക്കും.
രോഹിത്തിനും ദ്രാവിഡിനും പുതിയ തുടക്കം
പുതിയ നേതൃത്വത്തിന് കീഴിലാണ് ടീം ഇന്ത്യ കിവീസിനെതിരെയിറങ്ങുന്നത്. ലോകകപ്പിന് പിന്നാലെ ടി20 ടീമിന്‍റെ ചുമതലയൊഴിഞ്ഞ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയെ ക്യാപ്റ്റനായി ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് ഇതേവരെ മികച്ച റെക്കോഡാണുള്ളത്. നേരത്തെ 19 മത്സരങ്ങളില്‍ രോഹിത് നയിച്ചപ്പോള്‍ 15 എണ്ണത്തിലും ടീമിന് ജയിച്ച് കയറാനായിട്ടുണ്ട്. കെഎല്‍ രാഹുലാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.
പരിശീലകനെന്ന നിലയില്‍ ഔദ്യോഗികമായി ചുമതലയേറ്റതിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്‍റെയും ആദ്യ മത്സരം കൂടിയാണിത്. ടി20 ലോകകപ്പിന് പിന്നാലെ ചുമതലയൊഴിഞ്ഞ രവി ശാസ്ത്രിക്ക് പകരക്കാരനായാണ് ദ്രാവിഡ് പരിശീലകനായത്. ഇന്ത്യൻ പുരുഷ ടീമിന്‍റെ ചുമതല ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം നേരത്തെ ദ്രാവിഡ് നിരസിച്ചിരുന്നു. എന്നാല്‍ സൗരവ് ഗാംഗുലിയുടെ താല്‍പര്യത്തിന് വഴങ്ങിയാണ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരുന്ന ദ്രാവിഡ് പരിശീലകനായി എത്തുന്നത്.