ലഖ്‌നൗ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 മത്സരത്തിന് വേദിയായ ഏക്‌നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ മാറ്റിയതായി റിപ്പോര്‍ട്ട്. ക്യൂറേറ്റര്‍ സുരേന്ദര്‍ കുമാറിനെയാണ് ബിസിസിഐ നീക്കിയത്. പകരം സഞ്ജീവ് കുമാർ അഗർവാളിന് ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുള്ളത്. ബംഗ്ലാദേശില്‍ ക്യൂറേറ്റര്‍ പദവി വഹിച്ചിരുന്ന സഞ്ജീവ് കുമാറിനെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്‌തിരുന്നു.
വെറ്ററൻ ബിസിസിഐ ക്യൂറേറ്റർ തപോഷ് ചാറ്റർജിയുമായി സഞ്ജീവ് കുമാർ ചേര്‍ന്ന് പ്രവർത്തിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഹോം മത്സരങ്ങള്‍ക്കായി പുതിയ ക്യൂറേറ്ററാവും പിച്ചൊരുക്കുക.
രണ്ടാം ടി20യില്‍ ഇന്ത്യ വിജയിച്ചുവെങ്കിലും പിച്ചിനെതിരെ രൂക്ഷ വിമര്‍ശനമാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയത്. ലഖ്‌നൗവിലെ പിച്ച് ഞെട്ടിച്ചുവെന്നും ഇത്തരം പിച്ചുകള്‍ ടി20 മത്സരത്തിന് യോജിച്ചതല്ലെന്നുമായിരുന്നു ഹാര്‍ദിക് തുറന്നടിച്ചത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയമാണ് നേടിയിരുന്നത്.