കാണ്‍പൂര്‍ : ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ സുരക്ഷിത നിലയില്‍. ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ 84 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലാണ് ഇന്ത്യ. 50ാം ഓവറിന്‍റെ തുടക്കത്തില്‍ 145 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് പതറിയ ഇന്ത്യയെ 5ാം വിക്കറ്റില്‍ ശ്രേയസ് അയ്യർ – രവീന്ദ്ര ജഡേജ സഖ്യമാണ് കരകയറ്റിയത്.
പിരിയാത്ത ഈ കൂട്ടുകെട്ടില്‍ ഇരുവരും 208 പന്തുകളിൽനിന്ന് 113 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ച്വറിയുമായി തിളങ്ങിയ ശ്രേയസ് 75 റൺസോടെയും രവീന്ദ്ര ജഡേജ 50 റൺസോടെയുമാണ് പുറത്താവാതെ നില്‍ക്കുന്നത്. 136 പന്തുകളില്‍ ഏഴ് ഫോറും രണ്ട് സിക്സും സഹിതമാണ് ശ്രേയസ് 75 റൺസെടുത്തത്.
ജഡേജ 99 പന്തിൽ ആറ് ഫോറുകൾ സഹിതമാണ് അർധസെഞ്ച്വറി നേടിയത്. മായങ്ക് അഗര്‍വാള്‍ (13), ശുഭ്‌മാന്‍ ഗില്‍ (52), ചേതേശ്വര്‍ പൂജാര (26), അജിങ്ക്യ രഹാനെ (35) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ന്യൂസിലാന്‍ഡിനായി കെയ്‌ല്‍ ജാമിസണ്‍ 15.2 ഓവറില്‍ 47 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. 16.4 ഓവറില്‍ 43 റണ്‍സ് വിട്ടുനല്‍കിയ ടിം സൗത്തി ഒരു വിക്കറ്റും നേടി.