ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് 12 റണ്‍സിന്‍റെ വിജയം. ഇന്ത്യയുടെ 349 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് പോരാട്ടം 337 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡിന് ഏഴ് റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുളളൂ. ഏഴാമനായി ഇറങ്ങി സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രേസ്‌വെല്‍ ആണ് ന്യൂസിലന്‍ഡിനായി അവസാനം വരെ പൊരുതിയത്.
78 പന്തില്‍ 12 ഫോറുകളുടെയും 10 സിക്‌സറുകളുടെയും അകമ്പടിയില്‍ 140 റണ്‍സാണ് ആതിഥേയര്‍ക്കെതിരെ ബ്രേസ്‌വെല്‍ നേടിയത്.ബ്രേസ്‌വെലിനെ പുറത്താക്കി ശാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. ന്യൂസിലന്‍ഡ് നിരയില്‍ മിച്ചല്‍ സാന്‍റ്‌നര്‍ 45 പന്തില്‍ 57 റണ്‍സ് നേടി ബ്രേസ്‌വെലിന് പിന്തുണ നല്‍കിയിരുന്നു.
ഓപ്പണര്‍ ഫിന്‍ അലന്‍(40), ക്യാപ്‌റ്റന്‍ ടോം ലാതം(24), എന്നിവരൊഴികെ മറ്റാര്‍ക്കും കിവീസ് നിരയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ത്യയ്‌ക്കായി നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജാണ് ബോളിങ്ങില്‍ തിളങ്ങിയത്. ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, മുഹമ്മദ് ഷമി, ഹാര്‍ദിക്ക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
മത്സരത്തില്‍ ഇന്ത്യയ്‌ക്കായി ഡബില്‍ സെഞ്ച്വറി നേടിയ ശുഭ്‌മാന്‍ ഗില്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. 149 പന്തുകളില്‍ നിന്ന് 19 ഫോറുകളുടെയും 9 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ഗില്‍ ഇരട്ട സെഞ്ച്വറി നേടിയത്. ഇതോടെ ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനം താരം ഒന്നുകൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ഗില്ലിന് പുറമെ ഇന്ത്യന്‍ നിരയില്‍ സൂര്യകുമാര്‍ യാദവ്(31), രോഹിത് ശര്‍മ(34), ഹാര്‍ദിക് പാണ്ഡ്യ(28), വാഷിങ്‌ടണ്‍ സുന്ദര്‍(12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.