കൊല്‍ക്കത്ത: ഇന്ത്യ-ന്യൂസിലൻഡ് (India vs New Zealand) ടി20 പരമ്പരയിലെ അവസാന മത്സരം ( 3rd T20I) ഇന്ന് നടക്കും. കൊൽക്കത്തയിലെ ഈഡൻ ഗാർഡനില്‍ (Eden Gardens- Kolkata) വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ (Team India) പരമ്പര തൂത്തുവാരാനിറങ്ങുമ്പോള്‍ കിവീസ് (New Zealand Cricket Team) തേടുന്നത് ആശ്വാസ ജയമാണ്.
പരമ്പര ഉറപ്പിച്ച സാഹചര്യത്തില്‍ ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമെന്നാണ് സൂചന. ടെസ്‌റ്റ് ടീമിന്‍റെ ഭാഗമായ ഓപ്പണര്‍ കെഎല്‍ രാഹുലിന് പകരം ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് വിന്നര്‍ റുതുരാജ് ഗെയ്‌ക്‌വാദ് ഇടം പിടിച്ചേക്കും.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചാല്‍ ഇഷാൻ കിഷനും അവസരം ലഭിക്കും. ഭുവനേശ്വർ കുമാറിന് പകരം അരങ്ങേറ്റത്തിന് അവസരം കാത്തിരിക്കുന്ന ആവേശ് ഖാനും, ആർ അശ്വിന് പകരം യുസ്‍വേന്ദ്ര ചഹലും മാനേജ്‌മെന്‍റിന്‍റെ പരിഗണനയിലുണ്ട്.
also read: Lionel Messi | ഫ്രഞ്ച് ലീഗില്‍ മെസിയുടെ വേട്ടതുടങ്ങി; നാന്‍റെസിനെതിരെ പിഎസ്‌ജിക്ക് വിജയം
ന്യൂസിലൻഡ് നിരയില്‍ പേസര്‍ ആദം മില്‍നെക്ക് പകരം ലോക്കി ഫെര്‍ഗൂസന്‍ ടീമിലെത്തിയേക്കും. ബാറ്റിങ്ങിനെ തുണക്കുന്ന ഈഡൻ ഗാർഡനില്‍ മഞ്ഞ് വീഴ്‌ചയുള്ളതിനാല്‍ ടോസ് നിര്‍ണായകമാണ്. ടോസ് നേടുന്നവര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. മുന്‍ മത്സരങ്ങള്‍ നടന്ന ജയ്‌പൂരിലും റാഞ്ചിയിലും ടോസ് നേടിയ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്‌താണ് വിജയം നേടിയത്.