ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ കിവീസ് നായകന് ടോം ലാഥം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് രോഹിത് ശര്‍മയുടെ ഇന്ത്യ ഇറങ്ങുന്നത്.
മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പുറത്തായപ്പോള്‍ ഉമ്രാന് മാലിക്കും യുസ്വേന്ദ്ര ചാഹലും പ്ലേയിങ് ഇലവനിലെത്തി. ഇതോടെ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇന്ന് ബൗളിങില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകും. ചാഹല്‍ കൂടി ടീമിലെത്തിയതോടെ ടീമില്‍ മൂന്ന് സ്പിന്നര്‍മാരായി. മറുവശത്ത് കിവീസ് ഒരു മാറ്റം വരുത്തി. ഹെൻറി ഷിപ്ലിക്ക് പകരം ജേക്കബ് ഡഫിയാണ് ടീമിലെത്തിയത്.
ആദ്യ രണ്ട് ഏകദിനവും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന് ജയിച്ച ഇന്ത്യ റായ്പൂരിലെ രണ്ടാം മത്സരം എട്ട് വിക്കറ്റിന് സ്വന്തമാക്കിയാണ് പരമ്പര പിടിച്ചത്. ഇതോടെ ഇന്ന് ഇന്‍ഡോറിലും ജയം ആവര്‍ത്തിച്ച് കിവീസിനെ വൈറ്റ്വാഷ് ചെയ്യാനാവും ഇന്ത്യ ശ്രമിക്കുക.