മുംബൈ: ന്യൂസിലന്‍ഡിനെതിരായ വാങ്കഡെ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് 332 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ്. ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ വെറും 62 റണ്‍സിന് പുറത്താക്കി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ ഇന്ന് മത്സരം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 69 റണ്‍സെന്ന നിലയിലാണ്.
75 പന്തില്‍ 38 മായങ്ക് അഗര്‍വാളും 51 പന്തില്‍ 29 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുമാണ് പുറത്താകാതെ നില്‍ക്കുന്നത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 325 റണ്‍സെടുത്തിരുന്നു.
അതേസമയം വെറും 29 ഓവറിനുള്ളിലാണ് കിവീസിന്‍റെ മുഴുവന്‍ ബാറ്റര്‍മാരെയും ഇന്ത്യ തിരിച്ച് കയറിയത്. അര്‍ അശ്വിന്‍ എട്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ് നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജയന്ത് യാവദ് ഒരു വിക്കറ്റും വീഴ്‌ത്തി പട്ടിക പൂര്‍ത്തിയാക്കി.
17 റണ്‍സെടുത്ത കെയ്‌ല്‍ ജാമിസണാണ് കിവീസിന്‍റെ ടോപ് സ്‌കോറര്‍. ടോം ലാഥം 10 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. വില്‍ യങ് (4), ഡാരില്‍ മിച്ചല്‍ (8), റോസ് ടെയ്‌ലര്‍ (1), ഹെൻട്രി നിക്കോള്‍സ് (7) രചിന്‍ രവീന്ദ്ര(4) ടിം സൗത്തി(0) , വില്യം സോമര്‍വില്ല (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവ. ഒരു പന്ത് മാത്രം നേരിട്ട അജാസ് പട്ടേല്‍ പുറത്താവാതെ നിന്നു.
also read: 'നാലഞ്ച് വര്‍ഷത്തെ ഏറ്റവും മോശം പ്രകടനം, കഴിവിന്‍റെ 15 ശതമാനം പോലും പുറത്തെടുത്തില്ല'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ പ്രകടനത്തെ വിമര്‍ശിച്ച് ഗാംഗുലി
കിവീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യ രണ്ടാം ഇന്നിങ്സിനിറങ്ങുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിന് പകരമാണ് ചേതേശ്വര്‍ പൂജാര ഓപ്പണറുടെ റോളിലെത്തിയത്.
നാലിന് 221 എന്ന നിലയില്‍ രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ പത്ത് വിക്കറ്റ് വീഴ്‌ത്തിയ അജാസ് പട്ടേലാണ് പുറത്താക്കിയത്. 47.5 ഓവറില്‍ 119 റണ്‍സ് വഴങ്ങിയാണ് അജാസ് ഇന്ത്യയെ കറക്കി വീഴ്‌ത്തിയത്. 150 റണ്‍സ് നേടിയ ഓപ്പണർ മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.