മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. വാങ്കഡെയിൽ ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിച്ചപ്പോള്‍ 70 ഓവറില്‍ നല് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ്.
27 ഓവറില്‍ 80ന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പ് കുത്തിയ ഇന്ത്യന്‍ ഇന്നിങ്സിന് സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുന്ന മായങ്ക് അഗര്‍വാളിന്‍റെ പ്രകടനമാണ് കരുത്തായത്. 246 പന്തുകളില്‍ നാല് സിക്‌സും 14 ഫോറുമടക്കം 120 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. മായങ്കിന്‍റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്.
വൃദ്ധിമാന്‍ സാഹയാണ് (25) മായങ്കിനൊപ്പം ക്രീസിലുള്ളത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ (44), ശ്രേയസ് അയ്യര്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. പൂജാരയ്‌ക്കും കോലിക്കും അക്കൗണ്ട് തുറക്കാനായില്ല. അജാസ് പട്ടേലാണ് നാല് പേരെയും തിരിച്ചയച്ചത്. 29 ഓവറില്‍ നാല് വിക്കറ്റ് വഴങ്ങിയാണ് അജാസിന്‍റെ നാല് വിക്കറ്റ് നേട്ടം.
അതേസമയം മഴയെ തുടര്‍ന്ന് ഔട്ട്ഫീല്‍ഡ് നനഞ്ഞതിനാല്‍ ലഞ്ചിന് ശേഷമാണ് മത്സരം ആരംഭിച്ചത്. ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ അജിങ്ക്യ രഹാന, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ എന്നിവരെ ഇന്ത്യ പുറത്തിരുത്തി. ജയന്ത് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമില്‍ ഇടം പിടിച്ചത്.