കാണ്‍പൂര്‍ : ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം മൂന്നാം സെഷനിലെ ഡ്രിങ്ക്‌സ് ബ്രേക്കിന് ശേഷം ഇന്ത്യ 79 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 221റണ്‍സെടുത്തിട്ടുണ്ട്. 52 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും 24 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 270 റണ്‍സ് ലീഡായി.
നാലാം ദിനം തുടക്കത്തില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - ആര്‍. അശ്വിന്‍ സഖ്യമാണ് കരകയറ്റിയത്. 51ന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യന്‍ ടോട്ടലിലേക്ക് 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. ശ്രേയസ് 65 റണ്‍സും അശ്വിന്‍ 32 റണ്‍സുമെടുത്ത് പുറത്തായി. ചേതേശ്വര്‍ പൂജാര (22), മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.
അതേസമയം കിവീസിനായി ടിം സൗത്തി, കെയ്‌ല്‍ ജാമിസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. അജാസ് പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 345 റണ്‍സിലേക്ക് ബാറ്റ് വീശിയ ന്യൂസിലാൻഡിനെ 296 റണ്‍സിന് പുറത്താക്കി 49 റണ്‍സിന്‍റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.