കാണ്‍പൂര്‍ : കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് 63 റണ്‍സിന്‍റെ ലീഡ്. മൂന്നാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലാന്‍ഡ് 296 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 14 റണ്‍സെടുത്ത് നില്‍ക്കെയാണ് കളി നിര്‍ത്തിയത്. ഒരു റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിനെ കെയ്‌ല്‍ ജാമിസണ്‍ പുറത്താക്കുകയായിരുന്നു.
കിവീസിന്‍റെ നടുവൊടിച്ച് അക്‌സര്‍
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന നിലയില്‍ ബാറ്റിങ്ങ് ആരംഭിച്ച കിവീസ് 296 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അക്‌സര്‍ പട്ടേലിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്. മൂന്ന് വിക്കറ്റുകള്‍ നേടിയ ആര്‍. അശ്വിനും തിളങ്ങി.
കിവീസ് നിരയില്‍ ഓപ്പണര്‍മാരായ ടോം ലാഥം (95), വില്‍ യങ് (89) എന്നിവരൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. കെയ്‌ന്‍ വില്യംസണ്‍ (18), റോസ് ടെയ്‌ലര്‍ (11), ഹെന്‍ഡ്രി നിക്കോളാസ് (2), രചിന്‍ രവീന്ദ്ര (13), കെയ്‌ല്‍ ജാമിസണ്‍ (23), ടിം സൗത്തി (5), വില്‍ സോമര്‍വില്ലെ (6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. അജാസ് പട്ടേല്‍ (5) പുറത്താവാതെ നിന്നു.
also read: ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് : വനിത ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഇന്ത്യ ക്വാര്‍ട്ടറില്‍
നേരത്തെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ 345 എന്ന മികച്ച സ്കോർ കണ്ടെത്തിയത്. 171 പന്തുകളിൽ നിന്ന് 13 ഫോറിന്‍റെയും രണ്ട് സിക്സിന്‍റെയും അകമ്പടിയോടെ 105 റണ്‍സാണ് ശ്രേയസ് നേടിയത്. ശുഭ്‌മാൻ ഗിൽ (52), രവീന്ദ്ര ജഡേജ (50) എന്നിവരും തിളങ്ങി. കിവീസിനായി ടിം സൗത്തി അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. കെയ്‌ൽ ജെയ്‌മിസണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അജാസ് പട്ടേൽ രണ്ട് വിക്കറ്റും നേടി.