ഹൈദരാബാദ്: ആദ്യ ഏകദിന ഇരട്ടസെഞ്ച്വറിയുമായി ശുഭ്‌മാൻ ഗില്‍ കളം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് എതിരെ ന്യൂസിലൻഡിന് 350 റൺസ് വിജയലക്ഷ്യം. ഹൈദരാബാദില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സെടുത്തു. വെടിക്കെട്ട് ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഇന്നിങ്‌സാണ് ഇന്ത്യയ്‌ക്ക് തുണയായത്. 149 പന്തില്‍ 208 റണ്‍സാണ് ഗില്‍ അടിച്ച് കൂട്ടിയത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. കൂടുതല്‍ ആക്രമിച്ച് കളിച്ചുവെങ്കിലും രോഹിത്തിന്‍റെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 13-ാം ഓവറിന്‍റെ ഒന്നാം പന്തില്‍ ബ്ലെയർ ടിക്‌നര്‍ രോഹിത്തിനെ ഡാരില്‍ മിച്ചലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.
നാലു ഫോറും രണ്ട് സിക്‌സും സഹിതം 38 പന്തില്‍ 34 റണ്‍സായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ സമ്പാദ്യം. പിരിയും മുമ്പ് 12.1 ഓവറില്‍ 60 റണ്‍സാണ് രോഹിത്തും ഗില്ലും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. തുടര്‍ന്നെത്തിയ കോലിക്കും ഇഷാനും അധികം ആയുസുണ്ടായിരുന്നില്ല.
ബൗണ്ടറി നേടി തുടങ്ങിയെങ്കിലും 10 പന്തില്‍ എട്ട് റണ്‍സെടുത്ത കോലിയുടെ ഓഫ് സ്റ്റംപിളക്കി മിച്ചല്‍ സാന്‍റ്‌നറാണ് പുറത്താക്കിയത്. ഗില്ലിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയെങ്കിലും ഇഷാന്‍ കിഷനും പിടിച്ച് നില്‍ക്കാനായില്ല. 14 പന്തില്‍ അഞ്ച് റണ്‍സെടുത്ത ഇഷാനെ ലോക്കി ഫെര്‍ഗുസനാണ് തിരിച്ച് കയറ്റിയത്.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിനൊപ്പം ഗില്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ 29-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ 26 പന്തില്‍ 31 റണ്‍സെടുത്ത സൂര്യയെ പുറത്താക്കി ഡാരില്‍ മിച്ചലാണ് കിവീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 65 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്.