ഹാങ്‌ചോ:ഏഷ്യന്‍ ഗെയിംസ് (Asian Games 2023) പുരുഷ ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ നേപ്പാളിനെതിരെ വമ്പന്‍ സ്‌കോറുമായി ടീം ഇന്ത്യ (India vs Nepal). ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്വാളിന്‍റെ (Yashasvi Jaiswal) തകര്‍പ്പന്‍ സെഞ്ച്വറിയും റിങ്കു സിങ്ങിന്‍റെ (Rinku Singh) വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. തുടക്കം മുതല്‍ നേപ്പാള്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ജയ്‌സ്വാള്‍ 48-ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഒന്നാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ റിതുരാജ് ഗെയ്‌ക്‌വാദ്- ജയ്‌സ്വാള്‍ സഖ്യം 9.5 ഓവറില്‍ 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 23 പന്തില്‍ 25 റണ്‍സ് നേടിയ റിതുരാജിനെ വീഴ്‌ത്തി ദിപേന്ദ്രസിങ് ആണ് ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇതിന് പിന്നാലെയെത്തിയ തിലക് വര്‍മയും (2) ജിതേഷ് ശര്‍മയും അതിവേഗം മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍, മറുവശത്ത് നങ്കൂരമിട്ട് നിന്ന ജയ്‌സ്വാള്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
മത്സരത്തില്‍ നേരിട്ട 48-ാം പന്തിലാണ് ജയ്‌സ്വാള്‍ രാജ്യാന്തര ടി20 കരിയറിലെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. സെഞ്ച്വറിക്ക് പിന്നാലെ തൊട്ടടുത്ത പന്തില്‍ താരം പുറത്താകുകയും ചെയ്‌തിരുന്നു. എട്ട് ഫോറും ഏഴ് സിക്‌സറും അടങ്ങിയതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സ്