ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ മികച്ച വിജയം നേടിയെങ്കിലും സഞ്‌ജു സാംസണിന് ഇടം ലഭിക്കാത്തത് മലയാളി ആരാധകരെ നിരാശരാക്കിയിരുന്നു. ഇന്ത്യയ്ക്കായി കളിക്കാനായില്ലെങ്കിലും ഡബ്ലിനില്‍ മലയാളി താരത്തെ ആരാധകര്‍ പൊതിഞ്ഞിരുന്നു. മത്സരത്തിനിടെ ബൗണ്ടറിക്കരികില്‍ കൂടി നടന്നുപോയ സഞ്ജുവിനോട് ഓട്ടോഗ്രാഫ് വാങ്ങാനും, താരത്തിനൊപ്പം സെല്‍ഫിയെടുക്കാനും മലയാളികളടക്കമുള്ളവരുടെ ബഹളമായിരുന്നു.
'സഞ്‌ജുച്ചേട്ടാ വീ ലൗവ് യൂ' ; ഡബ്ലിനില്‍ താരത്തെ പൊതിഞ്ഞ് ആരാധകര്‍ - വീഡിയോ - ഇന്ത്യ vs അയര്‍ലന്‍ഡ്
ഡബ്ലിനില്‍ സഞ്ജുവിനോട് ഓട്ടോഗ്രാഫ് വാങ്ങാനും, താരത്തിനൊപ്പം സെല്‍ഫിയെടുക്കാനും ആരാധകരുടെ ബഹളം
ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമെത്തിയാണ് സഞ്ജു ആരാധകര്‍ നീട്ടിയ ജഴ്‌സികളിലും മറ്റും ഓട്ടോഗ്രാഫ് നല്‍കിയത്. അതേസമയം രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്‌ജു ഇടം നേടിയിട്ടുണ്ട്.
പരിക്കേറ്റ് പുറത്തായ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനാണ് സഞ്ജു ടീമിലെത്തിയത്. ഇതിന് മുന്‍പ് കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായത്തിലിറങ്ങിയത്. മത്സരത്തില്‍ തിളങ്ങിയാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്‌ജുവിന് കഴിയും.