ഗുവാഹത്തി :ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇംഗ്ലണ്ടിനെ ഫീല്‍ഡിങ്ങിന് അയയ്‌ക്കുകയായിരുന്നു. ബാറ്റിങ് തെരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല. കനത്ത ചൂടാണ് ഇവിടെയുള്ളത്. ഈ ചൂടില്‍ ആദ്യം പന്തെറിയാന്‍ ആഗ്രഹിക്കുന്നില്ല. ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ എല്ലാവരെയും ഫ്രെഷായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. നിലവില്‍ ടീമിന്‍റെ ഭാഗമായ എല്ലാ താരങ്ങളും ഫിറ്റ്‌നസുള്ളവരാണെന്നും രോഹിത് പറഞ്ഞു.
ഇന്ത്യ (ബാറ്റിങ് ഇലവൻ, ഫീൽഡിങ് ഇലവൻ):രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഇംഗ്ലണ്ട് (ബാറ്റിങ് ഇലവൻ, ഫീൽഡിങ് ഇലവൻ): ഡേവിഡ് മലാൻ, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ലിയാം ലിവിംഗ്‌സ്റ്റൺ, ബെൻ സ്റ്റോക്‌സ്, മൊയീൻ അലി, ക്രിസ് വോക്‌സ്, സാം കറൻ, ഡേവിഡ് വില്ലി, ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൺ, റീസ് ടോപ്ലി, മാർക്ക് വുഡ്.
ലോകകപ്പിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് എതിരെയും ഇംഗ്ലണ്ട് അയര്‍ലന്‍ഡിന് എതിരെയുമാണ് അവസാന പരമ്പര കളിച്ചത്. മൂന്ന് മത്സരങ്ങള്‍ വീതമായിരുന്നു ഇരു ടീമുകളുടെയും പരമ്പരയില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇന്ത്യ 2-1ന് പരമ്പര നേടിയിരുന്നു. എന്നാല്‍ അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പരമ്പരയില്‍ ഒരു മത്സരം മാത്രമാണ് പൂര്‍ത്തിയായത്. അതില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. മറ്റ് രണ്ട് മത്സരങ്ങള്‍ മഴയെടുക്കുകയായിരുന്നു.