എഡ്‌ജ്‌ബാസ്റ്റണ്‍:അന്താരാഷ്‌ട്ര ടി20യില്‍ 300 ഫോറുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമായി രോഹിത് ശര്‍മ. എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് ഹിറ്റ്‌മാന്‍റെ നേട്ടം. മത്സരത്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുകളും സഹിതം 20 പന്തില്‍ 31 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഇതോടെ ടി20യില്‍ നിലവില്‍ 301 ഫോറുകളാണ് രോഹിത്തിന്‍റെ സമ്പാദ്യം.
അയർലന്‍ഡിന്‍റെ പോള്‍ സ്റ്റിർലിങ്ങാണ് രോഹിത്തിന് മുന്നേ രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ പിന്നിട്ട ഏക താരം. നിലവില്‍ 325 ബൗണ്ടറികളാണ് സ്റ്റിര്‍ലിങ്ങിനുള്ളത്. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
298 ബൗണ്ടറികളാണ് കോലിയുടെ പേരിലുള്ളത്. മത്സരത്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങിയ കോലി നിര്‍ണായ നാഴികകല്ല് പിന്നിടാനുള്ള അവസരം നഷ്‌ടപ്പെടുത്തി. 287 ബൗണ്ടറികളുമായി ന്യൂസിലന്‍ഡ് ഓപ്പണർ മാർട്ടിന്‍ ഗപ്‌റ്റിലാണ് നാലാം സ്ഥാനത്ത്.
അതേസമയം മത്സരത്തില്‍ 49 റണ്‍സിന്‍റെ വിജയം പിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് പുറത്തായി. മൂന്ന് ഓവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും, 10 റണ്‍സിന് രണ്ട് വിക്കറ്റ് വീതം നേടി ജസ്‌പ്രീത് ബുംറയും യുസ്‌വേന്ദ്ര ചഹലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
also read:എറിഞ്ഞൊതുക്കി ബോളർമാർ ; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യയ്‌ക്ക് ട്വന്‍റി - 20 പരമ്പര