കേരളം

kerala

ETV Bharat / sports

എഡ്‌ജ്‌ബാസ്റ്റണില്‍ റെക്കോഡുകള്‍ കടപുഴക്കി ബുംറ; തകര്‍ന്നത് കപിലിന്‍റെ 40 വര്‍ഷം പഴക്കമുള്ള റെക്കോഡുള്‍പ്പെടെ - ഇന്ത്യ vs ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡാണ് കപിലില്‍ നിന്നും ബുംറ നേടിയത്.

India vs England  Jasprit Bumrah Surpasses Kapil Dev s Record  Jasprit Bumrah test Record  Jasprit Bumrah  Kapil Dev  ജസ്‌പ്രീത് ബുംറ  കപില്‍ ദേവ്  ഇന്ത്യ vs ഇംഗ്ലണ്ട്  ജസ്‌പ്രീത് ബുംറ ടെസ്റ്റ് റെക്കോഡ്
എജ്ബാസ്റ്റണില്‍ റെക്കോഡുകള്‍ കടപുഴക്കി ബുംറ; തകര്‍ന്നത് കപിലിന്‍റെ 40 വര്‍ഷം പഴക്കമുള്ള റെക്കോഡുള്‍പ്പെടെ

By

Published : Jul 5, 2022, 10:29 AM IST

എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിനിടെ റെക്കോഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. നാലാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളിയുടെ കുറ്റി തെറിപ്പിച്ചതോടെ SENA രാജ്യങ്ങളിലെ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) ടെസ്റ്റുകളില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബോളറെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.

അനില്‍ കുംബ്ലെ (141), ഇഷാന്ത് ശര്‍മ (130), സഹീര്‍ ഖാന്‍ (119), മുഹമ്മദ് ഷമി (119), കപില്‍ ദേവ് (119) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. SENA രാജ്യങ്ങളിലെ ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്‌ക്കുന്ന അഞ്ചാമത്തെ പേസര്‍ കൂടിയാണ് താരം. തുടര്‍ന്ന് ഒല്ലി പോപ്പിനെയും മടക്കിയ ബുംറ സേന രാജ്യങ്ങളിലെ തന്‍റെ വിക്കറ്റ് നേട്ടം 101 ആക്കി ഉയര്‍ത്തി.

ഇതോടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്‍റെ 40 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡും പഴങ്കഥയാക്കാന്‍ ബുംറയ്‌ക്ക് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡാണ് കപിലില്‍ നിന്നും ബുംറ നേടിയത്.

അഞ്ച് മത്സരങ്ങളടങ്ങിയ ഈ പരമ്പരയില്‍ ഇതേവരെ 23 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ബുംറയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 1981-82 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ 22 വിക്കറ്റുകളായിരുന്നു കപിലിന്‍റെ നേട്ടം. നേരത്തെ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു. 2014ല്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡാണ് ബുംറ തകര്‍ത്തത്.

അതേസമയം സേന രാജ്യങ്ങളില്‍ ബുംറ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ഇംഗ്ലണ്ടിലാണ്. ഒമ്പത് മത്സരങ്ങളില്‍ 25.18 ശരാശരിയല്‍ 37 വിക്കറ്റുകളാണ് താരം ഇവിടെ നേടിയത്. ഓസ്‌ട്രേലിയയില്‍ ഏഴ് മത്സരങ്ങളില്‍ 32 വിക്കറ്റുകളും ദക്ഷിണാഫ്രിക്കയില്‍ ആറ് ടെസ്റ്റില്‍ 26 വിക്കറ്റുകള്‍ വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ കളിച്ച രണ്ട് ടെസ്റ്റുകളില്‍ ആറ് വിക്കറ്റുകളാണ് താരത്തിന്‍റെ നേട്ടം.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ 29 റണ്‍സ് അടിച്ചെടുത്തും താരം റെക്കോഡിട്ടിരുന്നു. ടെസ്റ്റിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബുംറ നേടിയത്. ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയടക്കമുള്ള താരങ്ങള്‍ കയ്യടക്കി വെച്ചിരുന്ന റെക്കോഡായിരുന്നുവിത്.

ABOUT THE AUTHOR

...view details