ലഖ്‌നൗ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ (India vs England). ഇന്ന് (ഒക്‌ടോബര്‍ 29) ഉച്ചയ്‌ക്ക് രണ്ടിന് ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യയ്‌ക്ക് അഭിമാനപ്പോരാട്ടം കൂടിയാണ്. ഇക്കുറി ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരവും ജയിച്ച ഇന്ത്യ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഒരൊറ്റ ജയം മാത്രം നേടിയ ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ് നിലവില്‍ (Cricket World Cup 2023).
തുടര്‍ തോല്‍വികളില്‍ വലയുകയാണെങ്കിലും അത്ര പെട്ടന്നൊന്നും എഴുതി തള്ളാന്‍ കഴിയുന്ന ടീമല്ല ഇംഗ്ലണ്ടിന്‍റേത്. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോഡാണ് അവര്‍ക്കുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചിട്ടുള്ളത് എട്ട് മത്സരങ്ങളിലാണ് (India vs England Head To Head Stats In ODI World Cup).
ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ നേരിയ മുന്‍തൂക്കമുള്ള ടീമാണ് ഇംഗ്ലണ്ട്. തമ്മിലേറ്റുമുട്ടിയ എട്ട് മത്സരങ്ങളില്‍ നാല് പ്രാവശ്യം ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് ജയം മാത്രമാണ് ഇന്ത്യ നേടിയിട്ടുള്ളത്.
ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അവസാനമായി ജയിച്ചത് 2003ലാണ്. ഡര്‍ബനില്‍ അന്ന് നടന്ന മത്സരത്തില്‍ 82 റണ്‍സിന്‍റെ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആറ് വിക്കറ്റ് നേടിയ ആശിഷ് നെഹ്‌റയുടെ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് അനായാസ ജയമൊരുക്കിയത്.