എഡ്‌ജ്‌ബാസ്റ്റണ്‍: കഴിഞ്ഞ വർഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് ഭീതിയിൽ മാറ്റിവെച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് തുടക്കം. എഡ്‌ജ്‌ബാസ്റ്റണിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം തുടങ്ങുക. കൊവിഡ് പിടിപെട്ടതിനാൽ ടെസ്റ്റിൽ കളിക്കാൻ കഴിയാത്ത രോഹിത് ശർമ്മയ്‌ക്ക് പകരം പേസർ ജസ്‌പ്രീത് ബുംറയുടെ നേതൃത്വത്തിലാണ് ഇന്ത്യ നിർണായക മത്സരത്തിനിറങ്ങുക. റിഷഭ് പന്താണ് വൈസ് ക്യാപ്‌റ്റൻ.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ 2-1ന് മുന്നിലാണ് ഇന്ത്യ. അതിനാൽ തന്നെ ഇന്ന് ആരംഭിക്കുന്ന മത്സരത്തിൽ വിജയിച്ചാലോ, സമനില പിടിച്ചാലോ ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റ് പരമ്പര എന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിക്കും. അതേസമയം 35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസ് ബോളർ എന്ന നേട്ടവുമായാണ് ജസ്‌പ്രീത് ബുംറ ഇന്നത്തെ മത്സരത്തിനിറങ്ങുക. ഇന്ത്യയെ നയിക്കുന്ന 36-ാം നായകനാണ് ബുംറ.
ആരാകും ഓപ്പണർ: രോഹിത് പുറത്തായതോടെ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പുജാരയോ, ഹനുമ വിഹാരിയോ ഓപ്പണറായെത്തിയേക്കും. മായങ്ക് അഗർവാളിനേയും വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്തിനേയും ഒരുപക്ഷേ പരിഗണിച്ചേക്കാം. സ്പെഷ്യലിസ്റ്റ് ബാറ്റർമാർമാരായി പുജാര, ഗിൽ, കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, റിഷഭ് പന്ത് എന്നിവരായിരിക്കും സ്ഥാനം നേടുക.
ശാര്‍ദുൽ താക്കൂറിനെ നാലാമത്തെ ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറായി കളിപ്പിക്കണമോ, അതോ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രവിചന്ദ്രൻ അശ്വിനെ രണ്ടാമത്തെ സ്‌പിന്നറായി കളിപ്പിക്കണമോയെന്നത് ഇനിയും തീരുമാനമായിട്ടില്ല. ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാവും പേസ് ബൗളിങ് യൂണിറ്റില്‍ അണിനിരക്കുക.
അടിമുടി മാറ്റം: പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളും കളിച്ച ടീമിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്ന് കളത്തിലേക്കിറങ്ങുന്നത്. നായകൻമാരുടെ മാറ്റം തന്നെയാണ് ഇതിൽ പ്രധാനം. പരമ്പരിയിലെ ആദ്യ മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിരുന്നത് വിരാട് കോലിയാണ്. ഇംഗ്ലണ്ട് നിരയെ നയിച്ചിരുന്നത് ജോ റൂട്ടും. എന്നാൽ ഇന്ന് ആരംഭിക്കുന്ന മത്സരത്തിൽ ബെൻ സ്റ്റോക്‌സിന്‍റെ കീഴിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
വൈസ് ക്യാപ്‌റ്റൻമാരിലുമുണ്ട് മാറ്റം. പരമ്പരയുടെ ആദ്യ മത്സരങ്ങളിൽ ഇന്ത്യക്ക് അജിങ്ക്യ രഹാനെയും, ഇംഗ്ലണ്ടിന് ജോസ് ബട്‌ലറുമായിരുന്നു വൈസ് ക്യാപ്‌റ്റൻമാർ. എന്നാൽ അവസാന മത്സരത്തിൽ ഇരു താരങ്ങൾക്കും ടീമിൽ പോലും ഇടം നേടാൻ സാധിച്ചിട്ടില്ല.
താരങ്ങളെപ്പോലെത്തന്നെ പരിശീലകൻമാരിലുമുണ്ട് മാറ്റം. പരമ്പരയുടെ ആദ്യ നാല് മത്സരങ്ങളിൽ ഇന്ത്യൻ പരിശീലക സ്ഥാനത്ത് രവി ശാസ്‌ത്രിയും, ഇംഗ്ലണ്ടിന് ക്രിസ് സിൽവർ വുഡുമായിരുന്നു പരിശീലകർ. എന്നാൽ ഇന്ന് യഥാക്രമം രാഹുൽ ദ്രാവിഡും ബ്രണ്ടൻ മക്കല്ലവുമായി മാറി. മത്സരം സോണി ചാനലുകളിൽ തത്സമയം കാണാനാകും.