എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിന് എതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിന്‍റെ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യയ്‌ക്ക് മേൽക്കൈ. ഇടക്കിടെ രസംകൊല്ലിയായി മഴയെത്തിയ മത്സരത്തിനിൽ ഇന്ത്യയുടെ 416 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് നിലവിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 84 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനെക്കാൾ 332 റണ്‍സിന് പിറകിലാണ് ആതിഥേയർ.
ജോണി ബെയർസ്റ്റോ(12), ബെൻസ്‌റ്റോക്‌സ് എന്നിവരാണ് ക്രീസിൽ. മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ ക്യാപ്‌റ്റൻ ജസ്‌പ്രീത് ബുംറയും ഒരോ വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും ചേർന്നാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. ഇടയ്‌ക്കിടെ മഴ കാരണം മത്സരം നിർത്തിവയ്‌ക്കേണ്ടി വന്നെങ്കിലും അതൊന്നും ഇന്ത്യൻ പേർസമാരെ ബാധിച്ചിരുന്നില്ല.
ഓപ്പണർമാരായ അലക്‌സ് ലീസ്(6), സാക് ക്രൗളി(9), ഒലി പോപ്പ്(10) എന്നിവരെ പുറത്താക്കി നായകൻ ജസ്‌പ്രീത് ബുറയാണ് ഇംഗ്ലണ്ടിന് ആദ്യ അടി സമ്മാനിച്ചത്. പിന്നാലെ ശക്‌തനായ ജോ റൂട്ടിനെ(31) പുറത്താക്കി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. പിന്നാലെ നൈറ്റ് വാച്ച്‌മാനായി ഇറങ്ങിയ ജാക്ക് ലീച്ചിനെ(0) ഷമി പുറത്താക്കി.
നേരത്തെ ഏഴിന് 338 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ ഗിയർ മാറ്റി സ്‌കോറിങ്ങ് വേഗത്തിലാക്കുകയായിരുന്നു. ഒന്നാം ദിനം 83 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജഡേജ രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ സെഞ്ച്വറി പൂർത്തിയാക്കി. 194 പന്തിൽ 13 ബൗണ്ടറിയോടെ 104 റണ്‍സെടുത്താണ് ജഡേജ പുറത്തായത്. പിന്നാലെ മുഹമ്മദ് ഷമിയും(16) പുറത്തായി.
എന്നാൽ തുടർന്നെത്തിയ നായകൻ ജസ്‌പ്രീത് ബുംറ ടി20 ശൈലിയിൽ ബാറ്റ് വീശി ഇന്ത്യയെ 400 കടത്തി. 16 പന്തുകൾ നേരിട്ട ബുംറ രണ്ട് സിക്‌സും നാല് ഫോറുമടക്കം 31 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാൽ മുഹമ്മദ് സിറാജ്(2) റണ്‍സുമായി പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.