ലീഡ്‌സ് : ഹെഡിങ്‌ലേയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്‌ക്ക് തിരിച്ചടി. ടീം ടോട്ടലിലേക്ക് 21 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
കെഎല്‍ രാഹുൽ (0), ചേതേശ്വർ പൂജാര (1) വിരാട് കോലി (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പ് ജോസ് ബട്‌ലര്‍ പിടികൂടിയാണ് മൂവരും തിരിച്ചുകയറിയത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സുമായി രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.
ലോർഡ്‌സ് ടെസ്റ്റിലെ പാരാജയം മറന്നാണ് ഇംഗ്ലീഷ് പേസര്‍മാര്‍ ഇന്ന് കളത്തിലിറങ്ങിയത്. ന്യൂ ബോളില്‍ ആൻഡേഴ്‌സണ്‍ - ഒലി റോബിൻസണ്‍ സഖ്യം ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു.
ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഫോമിലുള്ള രാഹുലിനെ തിരിച്ചയച്ച് ആന്‍ഡേഴ്‌സണ്‍ ഇന്ത്യയെ ഞെട്ടിച്ചു. തുടര്‍ന്ന് അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പൂജാരയും പതിനൊന്നാം ഓവറിലെ അവസാന പന്തില്‍ കോലിയും കൂടാരം കയറുകയായിരുന്നു.