ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ലോർഡ്‌സിൽ തുടങ്ങും. മഴമൂലം ട്രെന്‍റ് ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ കൈയെത്തും ദൂരത്ത് നഷ്ടമായ ആദ്യ മത്സരത്തിന് പരിഹാരം ചെയ്യാനാകും വിരാട് കോലിയും സംഘവും കളത്തിലിറങ്ങുക. ആദ്യ മത്സരത്തിലെ പിഴവുകള്‍ നികത്തി മത്സരം പിടിക്കാനാവും ഇംഗ്ലീഷ് പടയുടെ ശ്രമം.
ലോര്‍ഡ്‌സിലെ ആദ്യ ദിനം പേസർമാർക്ക് മേല്‍ക്കൈ ലഭിക്കുമെന്നതിനാല്‍ നാല് പേസര്‍മാരെ ഉൾപ്പെടുത്താനാകും ഇന്ത്യ ശ്രമിക്കുക. സ്പെഷ്യലിസ്റ്റ് സ്‌പിന്നറായി രവീന്ദ്ര ജഡേജ മാത്രമാണ് അദ്യ ടെസ്റ്റില്‍ കളത്തിലിറങ്ങിയത്. എന്നാല്‍ പരിക്കേറ്റ ശാര്‍ദുല്‍ താക്കൂറിന് പകരം അശ്വിന് അവസരം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അശ്വിന്‍റെ വരവ് ബാറ്റിങ്ങ് നിരയ്ക്ക് കരുത്താവുമെന്നാണ് വിലയിരുത്തല്‍. ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ ഇംഗ്ലണ്ടിലെത്തിയ പൃഥ്വി ഷായും സൂര്യകുമാർ യാദവും ക്വാറന്‍റീനിൽ തുടരുകയാണ്.