ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 276 റണ്‍സുമായി രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യ 364 റണ്‍സിന് ഓൾഔട്ട് ആകുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
രണ്ടാം ദിനം മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സെഞ്ചുറി നേടി തിളങ്ങിയ കെ.എൽ രാഹുൽ 129 റണ്‍സും അജിങ്ക്യ രഹാന ഒരു റണ്‍സും നേടിയാണ് പുറത്തായത്.
പിന്നാലെ ഒത്തുചേർന്ന ജഡേജ- പന്ത് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പന്തിനെ പുറത്താക്കി മാർക്ക് വുഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. 37 റണ്‍സായിരുന്നു പന്തിന്‍റെ സമ്പാദ്യം. പിന്നാലെ മുഹമ്മദ് ഷമി (0), ഇഷാന്ത് ശർമ്മ (8), ജസ്പ്രീത് ബുംറ (0) എന്നിവർ ചെറുത്തുനിൽപ്പ് ഇല്ലാതെ തന്നെ കൂടാരം കയറി. അവസാനം 40 റണ്‍സെടുത്ത ജഡേജയും വീണതോടെ ഇന്ത്യൻ ഇന്നിങ്സിന് തിരശ്ശീല വീണു.
ALSO READ:രാഹുല്‍- രോഹിത് സെഞ്ചുറി കൂട്ടുകെട്ട്; ലോർഡ്‌സില്‍ തകർന്നത് 69 വർഷത്തെ ചരിത്രം
ഇംഗ്ലണ്ടിനായി റോബിൻസണ്‍, മാർക്ക് വുഡ് എന്നിവർ രണ്ട് വിക്കറ്റും മൊയിൻ അലി ഒരുവിക്കറ്റും വീഴ്ത്തി. ഓപ്പണര്‍ രോഹിത് ശര്‍മ (83), ചേതേശ്വര്‍ പുജാര (9), ക്യാപ്റ്റന്‍ വിരാട് കോലി (42) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യം ദിനം നഷ്ടമായത്.