ലണ്ടന്‍:ടി-20 പരമ്പരയ്‌ക്ക് പിന്നാലെ ഏകദിന പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിനിറങ്ങും. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 5:30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ ആദ്യ മത്സരം പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു.
ഓവലില്‍ ആദ്യം ബോളര്‍മാരും പിന്നാലെ ബാറ്റര്‍മാരും ഓരേ പോലെ തിളങ്ങിയ മത്സരത്തില്‍ അനായാസ ജയമാണ് രോഹിതും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 110 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ നായകന്‍ രോഹിതിന്‍റെയും, ശിഖര്‍ ധവാന്‍റെയും വെടിക്കെട്ട് ബാറ്റിങിലാണ് ജയം സ്വന്തമാക്കിയത്.
ഇന്ത്യയ്‌ക്ക് നേരിയ മുന്‍തൂക്കമുള്ള മൈതാനമാണ് ലോര്‍ഡ്‌സ്. ഇവിടെ കളിച്ചിട്ടുള്ള എട്ടില്‍ നാല് മത്സരങ്ങളിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. പേസര്‍മാരെ സഹായിക്കുന്ന പിച്ചാണ് വിഖ്യാതമായ ലോര്‍ഡ്‌സിലേത്.
പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം കളിക്കാതിരുന്ന വിരാട് കോലി രണ്ടാം മത്സരവും കളിച്ചേക്കില്ലെന്നാണ് സൂചന. കോലിയുടെ പരിക്കിനെ തുടര്‍ന്ന് അവസരം ലഭിക്കുന്ന യുവതാരങ്ങള്‍ വിജയകരമായി അത് വിനിയോഗിക്കുന്നത് ടീമിന് മുതല്‍കൂട്ടാണ്. അവസാന ഇലവനില്‍ കോലിക്ക് പകരക്കാരനായി ഇന്നും ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലെത്താനാണ് സാധ്യത.
ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയ രോഹിത്-ധവാന്‍ കൂട്ടുകെട്ടിന്‍റെ ഫോമും ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം പകരുന്നതാണ്. പിന്നാലെയെത്തുന്ന സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും മികവിലേക്കുയര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ്ങില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ബോളിങ്ങില്‍ ജസ്‌പ്രീത് ബുമ്രയും, മുഹമ്മദ് ഷാമിയുമാണ് ടീമിന്‍റെ കരുത്ത്.
ഓവലിലെ പ്രകടനം ലോര്‍ഡ്‌സിലും ഇരുവരും പുറത്തെടുത്താല്‍ ഇംഗ്ലണ്ടിന് രണ്ടാം മത്സരത്തിലും വിയര്‍ക്കേണ്ടി വരും. ഇവര്‍ക്ക് പിന്തുണയുമായി യുസ്‌വേന്ദ്ര ചഹാലും, പ്രസീദ് കൃഷ്‌ണയും ചേര്‍ന്നാല്‍ ബോളിങ്ങും ശക്തം.
ആദ്യ മത്സരം തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് എഴുതിതള്ളാന്‍ കഴിയുന്ന നിരയല്ല. ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവര്‍ മികവിലേക്കുയര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ലിയാം ലിവിങ്‌സ്‌റ്റണ്‍, മോയീന്‍ അലി, ജോ റൂട്ട് എന്നിവരുള്‍പ്പെട്ട ബാറ്റിങ്ങ് ലൈനപ്പ് എറെ സംഹാരശേഷിയുള്ളതാണ്. ശരാശരിയായ ബോളിങ്ങ് ലൈനപ്പാണ് ഇംഗ്ലണ്ടിന്‍റെ പ്രധാന തലവേദന.